1

പൂവാർ: പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥയിലാണിന്ന് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മലിനംകുളം. കാലങ്ങളായി തുടരുന്ന അശാസ്ത്രീയ നിർമ്മാണമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമ കേന്ദ്രത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കുളത്തിന് ഏകദേശം ഒരേക്കറിൽ അധികം വിസ്തൃതിയുണ്ടായിരുന്നു. എന്നാൽ കുളത്തിൽ കൈയേറ്റം തുടങ്ങിയതോടെ അത് 85 സെന്റ് സ്ഥലം മാത്രമായി ചുരുങ്ങി. ഇരുകരയിലൂടെയും കടന്നു പോകുന്ന റോഡിനായി കുറച്ച് ഭൂമി മാറിയിട്ടുണ്ട്. റോഡ് ചേർന്ന് വരുന്ന ഭാഗം മാത്രമാണ് കരിങ്കൽക്കെട്ട് ഉണ്ടായിരുന്നത്. സ്വാഭാവികമായ നീരുറവകൾ കുറവായ കുളത്തിൽ മഴക്കാലത്ത് മാത്രമാണ് വെള്ളം നിറയുന്നത്. വേനൽക്കാലത്തുപോലും ഈ വെള്ളം വറ്റാറില്ല. എന്നാൽ കുളത്തിന്റെ ബണ്ട് കോൺക്രീറ്റ് ചെയ്തതോടെ വെള്ളത്തിന്റെ സംഭരണ ശേഷി പൂർണമായും നഷ്ടപ്പെട്ടു. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് പോലും താഴ്ന്നു. സമീപ പ്രദേശങ്ങളിലെ കൃഷിക്കും വെള്ളം ഉപയോഗപ്പെടുത്താൻ കഴിയാതെയായി. ജംഗ്ഷനിൽ നിന്നും പലവഴിക്കായി ഒഴുകിയെത്തുന്ന മലിനജലം പൊട്ടക്കുളത്തിൽ വന്നാണ് നിറഞ്ഞിരുന്നത്. സ്വകാര്യ കുളമായ പൊട്ടക്കുളം ലോപിച്ച് ഇപ്പോൾ ചെറുതായിട്ടുണ്ട്. കരിങ്കൽ ഭിത്തി പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവധിച്ചിരുന്നു. മുൻ ഭരണസമിതി പ്രവൃത്തി ടെണ്ടർ ചെയ്തിരുന്നെങ്കിലും ആരുമേറ്റെടുക്കാത്തതിനാൽ അത് നീണ്ടു പോകുകയായിരുന്നു. കരിങ്കൽ ഭിത്തി പൊളിച്ചുനീക്കി, കോൺക്രീറ്റ് ചെയ്യുന്നതിലൂടെ കുളത്തിന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ നിർദ്ദേശം അവഗണിച്ചു കൊണ്ട് ഇപ്പോൾ സൈഡ് വാൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുയാണ്.