തിരുവനന്തപുരം: കല്ലാറിലെ അപകടങ്ങളൊഴിവാക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. അപകടകരമായ കയങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുന്നതിന് വേണ്ട സംവിധാനങ്ങൾ മേജർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിർദ്ദേശിച്ചു. റോഡുകൾ തകർന്നതിനാൽ ഏറെ നാളായി പൊന്മുടി ടൂറിസം കേന്ദ്രം അടഞ്ഞു കിടക്കുകയാണ്. അവിടേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും അരുവിക്കര മണ്ഡലത്തിലെ 9 സ്‌കൂളുകളെക്കൂടി ഗോത്ര സാരഥി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് കെ.ആൻസലൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ബാലരാമപുരം വഴിമുക്ക് റോഡിന്റെ നിർമാണ പുരോഗതി യോഗത്തിൽ വിലയിരുത്തി. വഴിയില നെടുമങ്ങാട് റോഡിന്റെ നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. വട്ടപ്പാറ എം.സി റോഡിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. മടവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു.വി.എസ്,വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.