
നെയ്യാറ്റിൻകര: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയ നഗരസഭാ കൃഷിഭവൻ ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിൽ. അപകടഭീഷണിയിലായ കെട്ടിടത്തിൽ ജീവനക്കാർ പണിയെടുക്കുന്നത് ജീവഭയത്താലാണ്. നഗരസഭാ മൃഗാശുപത്രിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് പൊളിഞ്ഞുവീഴാറായ അവസ്ഥയിലുളള കൃഷിഭവൻ ഓഫീസ് കെട്ടിടം നിലവിൽ സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്താൽ മേൽക്കൂരയിലെ ഓടുകളെല്ലാം ദ്രവിച്ച് പൊട്ടിപ്പൊളിഞ്ഞ് ചെടികൾ കെട്ടിടം മുഴുവൻ വളർന്നിറങ്ങി വേരുകൾ ചുമരിൽ പടർന്ന് തകർന്ന അവസ്ഥയിലാണ്. തൈകൾ സൂക്ഷിച്ചിരുന്ന മുറിയിൽ സിലിംഗ് മുഴുവൻ ഇളകി വീണ് മഴയത്ത് കെട്ടിടം മുഴുവൻ ചോർന്ന് ഒലിക്കുകയാണ്. കെട്ടിടത്തിന്റെ പിറകുവശം പൂർണ്ണമായും തകർന്നുവീണ് മഴ പെയ്താൽ വെളളം മുഴുവൻ മുറിയ്കുളളിൽ കെട്ടി നിൽക്കും. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപം നഗരസഭാ കാര്യാലയത്തിന് മുന്നിലായി മൃഗാശുപത്രിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിൽ അടിയ്ക്കടിയുണ്ടായ കനത്ത മഴയിലാണ് അവസ്ഥ കൂടുതൽ മോശമാവുന്നത്. ആഴ്ചകൾക്ക് മുമ്പ് പെയ്ത മഴയിൽ ചോർന്നൊലിച്ച് മുറികൾ മുഴുവൻ വെളളത്തിലാവുകയും ചുവരുകളെല്ലാം നനഞ്ഞ് കുതിർന്ന് പെയിന്റെല്ലാം അടർന്ന് വീഴുകയാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ വകയായി 25 സെന്റ് സ്ഥലം ഇതിന് സമീപത്തായുണ്ട്. പ്രസ്തുത സ്ഥലം കൃഷിഭവനായി വിട്ടുനൽകിയാൽ ഇവിടെ കൃഷിഭവനായി ഒരു പുതിയ കെട്ടിടം സജ്ജീകരിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതിന് മൃഗസംരക്ഷണവകുപ്പ് കനിയണം. സ്ഥലം വാങ്ങി കെട്ടിടമൊരുക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനുളള തടസ്സമാണ് അപകടാവസ്ഥയിലായ കെട്ടിടത്തിൽ തന്നെ തുടരാൻ നിർബന്ധിതയാകുന്നത്. അല്ലെങ്കിൽ വേറെ നഗരസഭാപരിധിയിൽ സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടം സർക്കാർ സ്ഥലം കണ്ടെത്തി കെട്ടിടം യാഥാർത്ഥ്യമാക്കണം. ആയിരക്കണക്കിന് ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്ന കൃഷിഭവൻ ഓഫീസിന് കാര്യക്ഷമമായ കെട്ടിടമൊരുക്കി നൽകാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
വെല്ലുവിളി
കൃഷി ആവശ്യത്തിനുളള വിത്തും വളങ്ങളും സൂക്ഷിക്കുന്ന മുറിയുടെ മേൽക്കൂരയുടെ ഭൂരിഭാഗം ഓടുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വർഷം തോറും ഒരു കോടിയോളം തെങ്ങ്, പച്ചക്കറി തൈകൾ ഉൾപ്പെടെയുളള നടീൽ വസ്തുക്കളും ആനുപാതികമായ വിത്തുകളും വളങ്ങളും കൃഷി ഭവനായി അനുവദിച്ച് കിട്ടാറുണ്ട്. എന്നാൽ ഇവയൊക്കെ മഴയും വെയിലുമേൽക്കാതെ സംരക്ഷിച്ച് നിലനിർത്തുകയെന്ന് ഇപ്പോൾ ഏറെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ചെറുതും വലുതമായ 3000ത്തോളം കർഷകരും 4000ത്തോളം പി.എം കിസാൻ ഉപഭോക്താക്കളും 3 വെജിറ്റബിൾ ക്ലസ്റ്ററുകളുടെയും മേൽനോട്ടം ഈ കൃഷിഭവൻ പരിധിയിലാണ്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ കെട്ടിടം നവീകരിക്കുകയെന്ന് ഏറെ ദുഷ്ക്രമാണ്.
പദ്ധതി നടപ്പായില്ല
ഗരസഭാ പരിധിയിൽ വരുന്ന കണ്ണംകുഴി, മൂഴിമൺതോട്ടം രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല തുടങ്ങി ഏക്കർക്കണക്കിനുളള പ്രദേശത്തെ കൃഷി സംബന്ധിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ ഓഫീസിലാണ്. വർഷങ്ങൾക്ക് മുമ്പ് കേളത്തിലെ സ്മാർട്ട് കൃഷിഭവനായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ കൃഷിഭവന് കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം പദ്ധതി നടപ്പിൽ വരുത്താൻ സാധിച്ചില്ല.