തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അഭിഭാഷകനായ കുറ്റിയാനി സുധീറിനെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയുടെ പരാതിയിലെടുത്ത കേസിൽ പ്രതിയാക്കിയതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ജില്ലയിലെ എല്ലാ കോടതികളും ബഹിഷ്‌കരിച്ചു. കോടതി ബഹിഷ്‌കരിച്ച അഭിഭാഷകർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. പീഡനത്തിന് ഇരയായ യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് എൽദോസിന് പുറമെ മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനെയും പ്രതിയാക്കി കേസെടുത്തത്. അഭിഭാഷകന്റെ ഓഫീസിൽ വച്ച് മർദ്ദനമേറ്റതായും കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടായതായും യുവതി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു. പുതിയ കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യഹർജി ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹൻ തിങ്കളാഴ്ച പരിഗണിക്കും.