
കല്ലമ്പലം: പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. തിരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിർവഹിച്ചത് വിദ്യാർത്ഥികൾ തന്നെയായിരുന്നു. ഓരോ ബൂത്തിലും മൂന്നു പോളിംഗ് ഓഫീസർമാരും പ്രിസൈഡിംഗ് ഓഫീസറും ബൂത്ത് ഏജന്റുമാരും ഉണ്ടായിരുന്നു. സുരക്ഷാചുമതല എൻ.സി.സി, ജെ.ആർ.സി, എസ്.പി.സി കേഡറ്റുകൾ നിർവഹിച്ചു.
40 ബൂത്തുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. വോട്ടേഴ്സ് സ്ലിപ്പുമായി എത്തിയ കുട്ടിവോട്ടർമാരുടെ കൈവിരലിൽ മഷി പുരട്ടിയത് തിരഞ്ഞെടുപ്പിന്റെ ആവേശം കൂട്ടി. തിരഞ്ഞെടുപ്പ് ചുമതലുകൾക്ക് നിയോഗിക്കപ്പെട്ടവർ പോസ്റ്റൽ ബാലറ്റുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യം, പൊതു തിരഞ്ഞെടുപ്പ്, ജനപ്രതിനിധികൾ തുടങ്ങിയ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ പാഠഭാഗങ്ങളാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഈ രീതിയിൽ നടത്തിയതിലൂടെ സംവേദനം ചെയ്യപ്പെട്ടത്.