
മലയിൻകീഴ് : മാറനല്ലൂർ കരുംകുളത്തിൽ മീൻപിടിക്കുന്നതിനിടെ മുങ്ങിമരിച്ച ആലന്തറക്കോണം അരുൺ നിവാസിൽ അരുൺ ജോസി(17)ന്റെ മരണം വിശ്വസിക്കാനാകാതെ ബന്ധുക്കൾ. അവരെ സമാധാനിപ്പിക്കാനാകാതെ വിഷമാവസ്ഥയിലായി നാട്ടുകാരും. മകന്റെ വേർപാട് വിശ്വസിക്കാനാവാതെ പിതാവ് ജോസ് പ്രകാശ്. ആശ്വസിപ്പിക്കാനെത്തിയ പി.ടി.എ പ്രസിഡന്റ് എം.അനിൽകുമാറും അദ്ധ്യാപകരും കണ്ണീർ തുടച്ചു.മാതാവ് ഷീനയ്ക്കും സഹോദരൻ വരുൺജോസിനും ബോധക്ഷയമുണ്ടായി.
വീട്ടുകാരുടെ വലിയ പ്രതീക്ഷയായിരുന്നു അരുൺജോസ്. എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുൺ ജോസിന് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകിയിരുന്നു. മിടുക്കനായ അരുൺജോസിന് ഇഷ്ടം കോമേഴ് സ് ആയിരുന്നു. ബാങ്ക് ജോലി ലക്ഷ്യമിട്ടാണ് കോമേഴ്സെടുത്തത് .കുടുംബത്തെ കരകയറ്റണമെന്നതായിരുന്നു അരുൺജോസിന്റെ ആഗ്രഹം. കൂലി പ്പണിക്കാരനായ പിതാവ് ജോസ് പ്രകാശിനുകിട്ടുന്ന ചെറിയതുക കൊണ്ടാണ് വീട്ടുകാര്യങ്ങളും കുട്ടികളുടടെ പഠനവും നടത്തിയിരുന്നത്.
പണി പൂർത്തിയാകാത്ത വീട്ടിലാണ് അരുൺ ജോസും കുടുംബവും. അരുൺജോസ് അദ്ധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റൊരു കുളത്തിൽ മീൻ പിടിക്കവെ ആരോ പറഞ്ഞതനുസരിച്ചാണ് കരുംകുളത്തിലെത്തിയത്. ഒൻപതടിയിലേറെ വെള്ളം നിറഞ്ഞ കുളം ഇപ്പോൾ ആരും ഉപയോഗിക്കാറില്ല. നേരത്തെ ഈ കുളത്തിൽ മീൻ വളർത്തിയിരുന്നു. മീൻ പിടിക്കവേ ചൂണ്ട പാഴ്ച്ചെടിയിൽ കുരുങ്ങിയത് നേരെയാക്കാൻ ശ്രമിക്കവേ കരയിടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നു അരുൺ. അനുമോദനം നൽകപ്പെട്ട അരുൺ ജോസിന് റീത്ത് സമർപ്പിക്കേണ്ടി വന്നല്ലോ എന്നോർത്ത് വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിക്കും വിതുമ്പൽ അടക്കാനായില്ല.
(ഫോട്ടോ അടിക്കുറിപ്പ്.... അരുൺജോസി(17)ന്റെ വീട്. അരുൺ ജോസ് മുങ്ങിമരിച്ച കരുംകുളത്തിൽ നിന്ന് ഫയർഫോഴ്സ് അരുണിനെ കരയ്ക്കെടുക്കുന്നു. (3അരുൺജോസ്(17)