തിരുവനന്തപുരം: ആറ്റിങ്ങൽ കരവാരം വി.എച്ച്.എസ്.എസിൽ അനധികൃതമായി കുട്ടികളെ ഇരുത്തി ഡിവിഷൻ ഉണ്ടാക്കി തസ്തികകൾ സൃഷ്ടിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് തസ്തിക വെട്ടിക്കുറച്ചുകൊണ്ട് ആറ്റിങ്ങൽ ഡി.ഇ.ഒ ഉത്തരവിറക്കി. നാല് തസ്തികയിലും കൂടി നിയമനം നേടിയ രണ്ട് അദ്ധ്യാപികമാരുടെ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടയ്ക്കാനും സെപ്തംബർ 13ന് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശമുണ്ട്.
2019ൽ നടത്തിയ നിയമനങ്ങളിലാണ് വകുപ്പധികൃതർ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. രണ്ട് അദ്ധ്യാപകരിൽ ഒരാൾ ആറുമാസത്തിനു ശേഷം ജോലി രാജിവച്ചിരുന്നു. ആ കാലയളവിലുള്ള തുക അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. രണ്ടാമത്തെ അദ്ധ്യാപിക ഇപ്പോഴും സ്കൂളിൽ ജോലിനോക്കുന്നതായാണ് അറിയുന്നത്. ഇല്ലാത്ത കുട്ടികൾക്ക് അറ്റൻഡൻസ് നൽകിയ ക്ലാസ് ടീച്ചർമാർക്കെതിരെ വിദ്യാഭ്യാസ ആക്ട് 12 എ പ്രകാരം സസ്‌പെൻഷൻ തുടങ്ങിയ നടപടി ക്രമങ്ങൾ നടത്താൻ ഡയറക്ടറുടെ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിരുന്നു. 2011ലും 2015ലും മറ്റു സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെയിരുത്തി രേഖകൾ ഉണ്ടാക്കിയതായി തിരുവനന്തപുരം ഡെപ്യുട്ടി ഡയറക്ടർ കണ്ടത്തിയിരുന്നുവെന്നും അറിയുന്നു. പൊതുപ്രവർത്തകൻ നാവായിക്കുളം എൻ.കെ. ബാബുചന്ദ്രന്റെ പരാതിയനുസരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിലെ സൂപ്പർ ചെക്ക് സെല്ലാണ് ക്രമക്കേട് കണ്ടെത്തിയത്.