
നെയ്യാറ്റിൻകര: നഗരസഭയിലെ അമരവിള വാർഡിൽ ചരുവിളാകത്ത് വീട്ടിൽ അയ്യപ്പൻ പ്രിയ ദമ്പതികൾക്ക് സുമനസ്സുകളുടെ സഹായത്താൽ വീടൊരുക്കി നൽകിയാണ് കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണയും കലടീച്ചറും മാതൃകയായത്. ദമ്പതികളുടെ മകനായ നവീന് കുട്ടിക്കാലം മുതലുള്ള വൃക്കരോഗം കാരണം ഉള്ളതെല്ലാം വിറ്റ് പെറുക്കി മകന്റെ ചികിത്സയ്ക്കായി ചെലവാക്കി. 2 വർഷം മുമ്പ് 18ാമത്തെ വയസിൽ നവീന് കിഡ്നി മാറ്റിവെയ്ക്കൽ ശസ്തക്രിയ നടത്തിയെങ്കിലും പിന്നീട് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നവീന്റെ ചികിത്സക്കായ് സർവ സമ്പാദ്യവും ചെലവഴിച്ച മാതാപിതാക്കളും ഏകസഹോദരിയും പിന്നീട് ഒരു വാടക വീട്ടിലേയ്ക്ക് മാറി. ആകെ മുക്കാൽ സെന്റ് കുടികിടപ്പ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. തുടർന്നാണ് കൗൺസിലർമാരുടെ സഹകരണത്തോടെ 5 മാസം മുൻപ് വീട് നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 5 മാസം കൊണ്ട് നാട്ടുകാരുടെയും മറ്റും സഹായത്താൽ വീട് പണി പൂർത്തിയാക്കി നവീന്റെ കുടംബത്തിന് താക്കോൽ കൈ മാറി. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് രാമചന്ദ്രൻനായർ, അമരവിള ജയചന്ദ്രൻ, രാജൻ, ലാൽ കൃഷ്ണ, ബിനു തെക്കുംപുറം, സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.