
വെഞ്ഞാറമൂട്: ജനാധിപത്യ സംവിധാനത്തിൽ അധിഷ്ഠിതമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി പരിശീലനം നൽകിയ സ്കൂൾ വോളന്റിയർമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാണ് മാതൃകയായത്. രാവിലെ പോളിംഗ് സാമഗ്രികളുടെ വിതരണം എച്ച്.എം ബി.ഗോപകുമാർ നിർവഹിച്ചു.
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സംരക്ഷണയോടെ പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഉദ്യോഗസ്ഥരുമായി നിയമിക്കപ്പെട്ട കുട്ടികൾ അതത് ബൂത്തുകളിൽ എത്തി പോളിംഗ് സാധനങ്ങൾ ക്രമീകരിച്ചു.കൃത്യമായ നിർദ്ദേശാനുസരണം കുട്ടികൾ ബൂത്തുകളിലെത്തി വിരലിൽ മഷി അടയാളം പതിപ്പിച്ച് സമ്മതിദാന അവകാശം രേഖപ്പെടുത്തി.ഐടി സ്കൂളിന്റെ സമ്മതി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലാപ് ടോപ്പുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ആയി പ്രവർത്തിച്ചു.പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച കുട്ടികൾക്ക് പോസ്റ്റൽ ബാലറ്റുകൾ തലേദിവസം വിതരണം ചെയ്തിരുന്നു.പ്രത്യേകം ക്രമീകരിച്ച വോട്ടെണ്ണൽ കേന്ദ്രത്തിൽ പോളിംഗ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിക്കപ്പെട്ട അദ്ധ്യാപകരും ചേർന്ന് ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തി.മെഷീനുകളിലെ വോട്ടിംഗ് നില പരിശോധിക്കുകയും ഓരോ ക്ലാസിലെയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഓരോ സ്ഥാനാർത്ഥിയും പ്രകടനപത്രിക തയ്യാറാക്കി പ്രദർശിപ്പിച്ചിരുന്നു.ജനാധിപത്യ പ്രക്രിയയിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിൽ സ്കൂൾ എസ്.എസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി,എസ്.പി.സി എന്നിവരുടെ ശ്രമഫലമായിരുന്നു ഈ പ്രവർത്തനം.