general

ബാലരാമപുരം: വാഴകർഷകർക്ക് ആശ്യാസമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറൽ എൻജിനീയറിഗും സംയുക്തമായി വികസിപ്പിച്ചെടുത്ത യന്ത്രത്തിന്റെ പരീക്ഷണം കേരളത്തിലാദ്യമായി ബാലരാമപുരം തേമ്പാമുട്ടം തലയിൽ ഏലായിൽ നടന്നു. വെള്ളനാട് മിത്രാനികേതൻ കൃഷിവിജ്ഞാന കേന്ദ്രം ബാലരാമപുരം കർഷകസമിതിയുടെ സഹകരണത്തോടെയാണ് ആദ്യഘട്ടപരീക്ഷണം നടന്നത്. നൂതനയന്ത്രത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി. സെന്തിൽകുമാർ വിശദീകരിച്ചു. കെ.വി.കെ സീനിയർ സയന്റിസ്റ്റ് ഡോ. ബിനുജോൺ സാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. യന്ത്രത്തിന്റെ നേട്ടത്തെക്കുറിച്ച് കെ.വി.കെ അഗ്രികൾച്ചറൽ എൻജിനീയർ ജി. ചിത്ര കർഷകർക്ക് ബോധവത്കരണം നൽകി. വാഴകർഷകർക്ക് വെല്ലുവിളിയായി തടപ്പുഴുരോഗമാണ് വ്യാപകമായി ഏലാതോട്ടങ്ങളിൽ കാണപ്പെടുന്നത്. വേണ്ട രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ഭൂരിഭാഗം വാഴകളിലും രോഗം പടർന്ന് വ്യാപകനാഷനഷ്ടമുണ്ടാകും. സാധാരണ സ്പ്രേയിംഗ് രീതിയാണ് വാഴകളിൽ നേരത്തെ പരീക്ഷിച്ചിരുന്നത്. ഇത് മരുന്നിന്റെ ഉപയോഗം കൂടുതലായതുകാരണമാണ് യന്ത്രം വഴി നൂതനരീതി പരീക്ഷണാർത്ഥം നടപ്പാക്കിയത്. ഒരു മണിക്കൂറിൽ 325ൽപ്പരം വാഴകളിലാണ് ഇൻജക്റ്റ് ചെയ്ത് പരിചരണമൊരുക്കുന്നത്. 16800 രൂപയാണ് യന്ത്രത്തിന്റെ വില. ബാലരാമപുരം പഞ്ചായത്തിൽ ഇത് സൗജന്യമായി നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ യന്ത്രത്തിന്റെ കൃഷിരീതിയെക്കുറിച്ച് വെള്ളനാട് മിത്രാനികേതൻ വിജ്ഞാനകേന്ദ്രവുമായി കർഷകർക്കും ഫാർമേഴ്സ് ക്ലബുകൾക്കും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.