vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാർ നടത്തുന്ന സമവായ നീക്കങ്ങളെ പ്രതിസന്ധിയിലാക്കി പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര സമിതി. വെള്ളിയാഴ്ച ഫിഷറീസ് മന്ത്രി അബ്ദു റഹിമാൻ നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദേശീയപാതാ വികസനത്തിന് സമാനമായ നഷ്‌ടപരിഹാരം നൽകണമെന്നും മൂന്ന് സെന്റ് ഭൂമി വീതം പതിച്ച് നൽകണമെന്നും ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ പെരേര ആവശ്യപ്പെട്ടത്.

ഇത് നടക്കുന്ന കാര്യമല്ലെന്ന് മറുപടി നൽകിയ മന്ത്രി ആവശ്യങ്ങൾ എഴുതി നൽകാനും നിർദ്ദേശിച്ചു. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

മൃഗസംരക്ഷണവകുപ്പിൽ നിന്നും ഏറ്റെടുത്ത മുട്ടത്തറയിലെ എട്ട്‌ ഏക്കർ ഭൂമിയിൽ ഫ്ലാറ്റ് നിർമാണം തുടങ്ങാനിരിക്കെയാണ് സമരസമിതിയുടെ പുതിയ ആവശ്യം. മന്ത്രിസഭാ ഉപസമിതി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് സർക്കാർ അനൗദ്യോഗിക ചർച്ച നടത്തിയത്. ഇതിലും സമവായ സാദ്ധ്യത അടഞ്ഞതോടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.

വിദേശ ഫണ്ട്: വിവരം ശേഖരിച്ച്

സംസ്ഥാന ഇന്റലിജൻസും

സമരത്തിന് പിന്തുണ നൽകുന്ന ചില സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) വിവര ശേഖരണം തുടങ്ങിയതിന് പിന്നാലെ സംസ്ഥാന ഇന്റലിജൻസും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ചില സന്നദ്ധ സംഘടനകൾക്കായി രണ്ട് പൊതുമേഖല ബാങ്കുകളുടെ വഞ്ചിയൂർ, കോവളം ശാഖകളിലെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ വിദേശത്ത് നിന്നെത്തിയതിന്റെ വിവരങ്ങളാണ് ശേഖരിച്ചത്. ഈ സംഘടനകളിൽ പെട്ടവർ സമരത്തിന്റെ മുൻനിരയിൽ ഉളളവരാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലോംഗ് മാർച്ച് നാളെ

പദ്ധതി പ്രദേശത്തെ തുറമുഖ അനുകൂലികൾ നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തും. വിഴിഞ്ഞത്തു നിന്നാണ് തുടങ്ങുന്നത്. വിവിധ സാംസ്‌കാരിക, സാമുദായിക സംഘടനകൾ അഭിവാദ്യമർപ്പിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അണിചേരും.