ബാലരാമപുരം: പ്രധാനമന്ത്രി ക്ഷണിച്ച സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ പങ്കെടുക്കണ്ടായെന്ന പൊതു തീരുമാനം ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത ഏക ആഭ്യന്തരമന്ത്രി പിണറായി മാത്രമാണെന്നതിൽ സംസ്ഥാന ഇടതുപക്ഷത്തിന്റെ അഭിപ്രായം പറയണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ആവശ്യപ്പെട്ടു. കോൺഗ്രസ് - ബി.ജെ.പി ബന്ധമെന്ന പിണറായിയുടെ സ്ഥിരം വാദം വാസവദത്തയുടെ ചാരിത്ര്യപ്രസംഗം മാത്രമാണെന്ന് ഒന്നു കൂടി വ്യക്തമാവുകയാണെന്ന് സുബോധൻ പറഞ്ഞു. കോൺഗ്രസ് കോവളം ബ്ലോക്ക് ഭാരവാഹികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളിയൂർ ദിവാകരൻനായർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സി.കെ. വത്സലകുമാർ, സിസിലിപുരം ജയകുമാർ, ജി.ജി. കൈതറത്തല, മംഗലത്തുകോണം തുളസി, ആനന്ദകുമാർ, ഇന്ദു ശ്രീകുമാർ, നൗഷാദ്, പെരിങ്ങമ്മല ജയകുമാർ, ഹൈസന്ത് ലൂയിസ്, ഉച്ചക്കട സുരേഷ്, സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.