തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് രാവിലെ 8.30ന് ജനറൽ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. അരുൺ എ. ജോൺ, ജില്ലാ സെക്രട്ടറി ഡോ. പത്മപ്രസാദ് എന്നിവർ അറിയിച്ചു. തുടരെതുടരെയുള്ള ആശുപത്രി ആക്രമണങ്ങൾ തടയാൻ വേണ്ട എല്ലാ നടപടികളും സർക്കാരിന്റെയും മേലധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു.

ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കുന്നതിന് മതിയായ മാനവ വിഭവശേഷി ഉറപ്പുവരുത്താനും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ കെ.ജി.എം.ഒ.എ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാൻ നിർബന്ധിതരായി തീരുമെന്ന് ഭാരവാഹികൾ അറിയിച്ചു.