
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഒ.പി.യിലുണ്ടായിരുന്ന വനിതാഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി വീണാജോർജ്. ഇത്തരം സംഭവങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തും. പ്രതിയെ പിടികൂടി റിമാൻഡിലാക്കി. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചതായും മന്ത്രി പറഞ്ഞു.
ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സർജറി ഒ.പിയിലുണ്ടായിരുന്ന യൂണിറ്റ് ആറിലെ മേധാവി ഡോ.സി.എം.ശോഭയെ വള്ളക്കടവ് സ്വദേശി വസീർ (25) കൈയ്യേറ്റം ചെയ്തത്. എഴുതിക്കൊണ്ടിരുന്ന ഡോക്ടറുടെ കൈയ്യിൽ വസീർ ശക്തിയായി അടിച്ചു. വലതുകൈയ്ക്ക് പൊട്ടലേറ്റ ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്കയിൽ കല്ലിന്റെ പ്രശ്നവുമായി ഒ.പിയിലെത്തിയ വസീറിനെ സ്ക്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് അയച്ചു. പരിശോധനാ റിപ്പോർട്ടുകളുമായെത്തിയപ്പോൾ ശസ്ത്രക്രിയ്ക്ക് അഡ്മിറ്റാകാൻ പറഞ്ഞതിൽ പ്രകോപിതനായി മർദ്ദിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ കന്റോൺമെന്റ് പൊലീസ് ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.