കല്ലമ്പലം: കേരള സർവകലാശാല പള്ളിക്കലിന് അനുവദിച്ച പള്ളിക്കൽ യു.ഐ.ടി കോളേജ്, മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ തീരുമാനിച്ചു. പള്ളിക്കലിൽ കൂടിയ വികസന സർവകക്ഷി യോഗം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷയായി. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിന് അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടം ഒരുക്കുന്നതിനാവശ്യമായ മുഴുവൻ തുകയും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് നൽകുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ആറ് അംഗങ്ങൾ അടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി. കെട്ടിട നിർമ്മാണത്തിനായി വികസന സമിതിയെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഡോ. പി.എ. സാജുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. ബേബിസുധ, വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, കോളേജ് ഗവേണിംഗ് ബോഡി കൺവീനർ സജീബ് ഹാഷിം, അടുക്കൂർ ഉണ്ണി, പി.എം. മുബാറക്, മുഹമ്മദ് ഹുസൈൻ, നഹാസ്, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.