
തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളിലെ വിവാഹ മോചിതരാകുന്ന മാതാപിതാക്കളുടെ മക്കൾക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന് കുടുംബ വാർഷിക വരുമാനം സംബന്ധിച്ച വ്യവസ്ഥയിൽ വ്യക്തത വരുത്തി റവന്യു വകുപ്പ്. വിവാഹബന്ധം വേർപ്പെടുത്തുന്ന മാതാവിന്റെയോ പിതാവിന്റെയോ വരുമാനം, കുടുംബ വാർഷിക വരുമാന നിർണയത്തിന് പരിഗണിക്കേണ്ടതില്ലെന്നാണ് പുതിയ വ്യവസ്ഥ.
സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ കുടുംബ വരുമാനമാണ് ഇതുവരെ കണക്കാക്കിയിരുന്നത്. പുതിയ വ്യവസ്ഥ പ്രകാരം ഉപേക്ഷിച്ചു പോകുന്ന മാതാവിന്റെ /പിതാവിന്റെ സ്വത്തോ വരുമാനമോ സർട്ടിഫിക്കറ്റ് നൽകാൻ പരിഗണിക്കില്ല.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം നാലുലക്ഷം രൂപ കവിയരുതെന്നാണ് സംസ്ഥാന മാനദണ്ഡം. കേന്ദ്രത്തിന്റേത് എട്ടുലക്ഷം കവിയരുതെന്നും.