തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമരത്തിനെതിരെ ജനകീയ പ്രതിരോധ സമിതി നവംബർ ഒന്നിന് തുറമുഖ കവാടമായ മുല്ലൂർ മുതൽ സെക്രട്ടേറിയറ്റ് വരെ ലോംഗ് മാർച്ച് നടത്തും. തുറമുഖം വരണമെന്ന് ആഗ്രഹിക്കുന്നവരും കോടതി വിധി നടപ്പിലാക്കണമെന്ന് താത്പര്യമുള്ളവരും മാർച്ചിൽ പങ്കെടുക്കും. മാർച്ച് 11.30ന് കിഴക്കേകോട്ടയിലെത്തിച്ചേരും.
രാവിലെ 7ന് മുല്ലൂരിൽ നിന്നാരംഭിക്കുന്ന മാർച്ച് വിഴിഞ്ഞം, കോവളം, തിരുവല്ലം, മണക്കാട്, കിഴക്കേകോട്ട വഴിയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്.
മത രാഷ്ട്രിയത്തിനതീതമായി ഒരുമിക്കുന്ന മുന്നേറ്റത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു. തുറമുഖം യാഥാർത്ഥ്യമായാൽ കൊളംബോ, സിംഗപ്പൂർ, ദുബായ് പോർട്ടുകളിൽ അടുക്കുന്ന ഷിപ്പുകൾ വിഴിഞ്ഞത്തെത്തും. അതിനാൽ വീഴഞ്ഞം തുറമുഖത്തിനെതിരെ പ്രവർത്തിക്കുന്നത് വൻ ലോബികളാണ്. തുറമുഖ നിർമ്മാണത്തിന്റെ പേരിൽ വിഴിഞ്ഞത്തെ ഒരു മത്സ്യത്തൊഴിലാളിക്കുപോലും തൊഴിലോ വീടോ നഷ്ടപ്പെട്ടിട്ടില്ല. മത്സ്യബന്ധന തുറമുഖത്തു നിന്ന് കിലോമീറ്ററുകൾ മാറിയാണ് നിലവിലെ തുറമുഖ നിർമ്മാണം നടക്കുന്നതെന്നും ഗോപകുമാർ പറഞ്ഞു.