തിരുവനന്തപുരം: മ്യൂസിയം ആക്രമണത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കന്റോൺമെന്റ് എ.സി.പിയുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ, മ്യൂസിയത്തെ രണ്ട് എസ്.ഐമാർ, രണ്ട് വനിത പൊലീസ്, ഷാഡോ ടീം എന്നിവരടങ്ങുന്ന 13 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ സംഘം അന്വേഷണം ആരംഭിച്ചു.
പ്രതി വന്ന വഴികളിലെ ലഭ്യമായ എല്ലാ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവ സമയത്ത് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇത് കൂടാതെ അക്രമിയെത്തിയ വാഹനം കണ്ടുപിടിക്കുന്നതിനുള്ള ശാസ്ത്രീയ അന്വേഷണവും നടത്തുന്നുണ്ട്. പ്രതിയുടെ റൂട്ട് മാപ്പും തയ്യാറാക്കുകയാണ്. പ്രതി വന്ന വഴിയെക്കുറിച്ചും എവിടെയെങ്കിലും വണ്ടി നിറുത്തി ഇറങ്ങിയിട്ടുണ്ടോ, സംഭവത്തിന് ശേഷം പ്രതി പോയ വഴി എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് സി.സി ടിവികൾ മുഴുവനായി പരിശോധിക്കുന്നത്. ദൃശ്യങ്ങളിൽ വ്യക്തതക്കുറവ് വന്നാൽ സിഡാക്കിനെ സമീപിച്ച് വ്യക്തത വരുത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.
ഏഴുപേരെ ചോദ്യം
ചെയ്‌ത് വിട്ടയച്ചു
സംഭവത്തിൽ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത ഏഴുപേരെയും ചോദ്യം ചെയ്ത വിട്ടയച്ചു. സി.സി ടിവി ദൃശ്യങ്ങളുടെയും രേഖാചിത്രത്തിന്റേയും അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. തുടർന്നാണ് ഇവരെ വിട്ടയച്ചത്. അതേസമയം മറ്റൊരാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണക്കേസുകളുടെ
വിവരം ശേഖരിച്ച് പൊലീസ്
സ്ത്രീകൾക്കെതിരെ തലസ്ഥാനത്ത് നടന്ന ആക്രമണക്കേസുകളുടെ കണക്കെടുത്ത് പൊലീസ്. തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ ഇത്തരത്തിൽ നടന്ന സംഭവങ്ങളുടെ സ്വഭാവവും പ്രതികളെയും നിരീക്ഷിക്കാൻ തീരുമാനിച്ചെന്നാണ് സൂചന. തലസ്ഥാനത്തെ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന സത്രീകൾക്കെതിരെയുള്ള എല്ലാ ആക്രമണക്കേസുകളുടെ വിവരവും എ.ഡി.ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്.