
തിരുവനന്തപുരം: കൂടംകുളത്തിന് തടയിടാൻ ശ്രമിച്ച ശക്തികൾ തന്നെയാണ് വിഴിഞ്ഞം പദ്ധതിക്കും എതിരുനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വികസന കാര്യത്തിൽ കേരളം രാജ്യത്ത് ഏറ്റവും പിറകിലാണ്. ഇതു മാറേണ്ടതുണ്ട്. വെള്ളനാട് നടന്ന യുവമോർച്ച സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം. അടിസ്ഥാന മൂല്യങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ തിരിച്ചെത്തിക്കാൻ യുവാക്കൾക്കു മാത്രമേ സാധിക്കു. നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയ കേരളത്തെ വീണ്ടെടുക്കാൻ യുവമോർച്ച പ്രവർത്തകർ രംഗത്തുവരണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മനുഷ്യൻ മനുഷ്യനെ കൊന്നുതിന്നുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണ് കേരളം. വിദ്യാഭ്യാസമേഖലയിൽ സ്വാതന്ത്ര്യത്തിനു മുമ്പേ പുരോഗതി കൈവരിച്ചിരുന്ന കേരളം എല്ലാ അർത്ഥത്തിലും പിന്നോട്ട് പോയിരിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും പെരുകുന്നു. അക്രമവും ക്രമസമാധാന തകർച്ചയുമാണ് എല്ലായിടത്തുമെന്നും
അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. ശിവൻകുട്ടി, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ. ഗണേഷ്, ദിനിൽ ദിനേശ്, ജില്ലാ അദ്ധ്യക്ഷൻ സജിത്ത് എന്നിവർ സംസാരിച്ചു.