1

വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരത്തിൽ എൽ.ഡി.എഫും യു.ഡി എഫും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എൻ. നാരായണൻ നമ്പൂതിരി പറഞ്ഞു. ബി.ജെ.പി കോവളം മണ്ഡലം കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന് എതിരാണ് സർക്കാരെങ്കിൽ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നും അനുകൂലമാണെങ്കിൽ വികസന വിരോധികളെന്ന് ജനം നിങ്ങളെ ചാപ്പകുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.എസ്. സുനീഷ്, വെങ്ങാനൂർ സതീഷ് കുമാർ, അഡ്വ. ഗിരി കുമാർ, പാപ്പനംകോട് സജി, സമ്പത്ത്, പ്രവീൺ, രാജലക്ഷ്മി, ബിനു, നിഥിൻ, മുക്കോല ജി. പ്രഭാകരൻ, വെങ്ങാനൂർ ഗോപകുമാർ, വി.എസ്. ശ്രീജുലാൽ, അജയ് പി. മുല്ലൂർ എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്‌മയുടെ ധർണ ചൊവ്വര സുനിൽ ഉദ്ഘാടനം ചെയ്‌തു. സമിതി അംഗങ്ങളായ വെങ്ങാനൂർ ഗോപാകുമാർ, മുല്ലൂർ വാർഡ് കൗൺസിലർ സി. ഓമന, മോഹനകുമാർ നമ്പീശൻ, രാജശേഖരൻ നായർ, വിവേകാനന്ദൻ, സജുലാൽ, ജയറാം എന്നിവർ സംസാരിച്ചു.