pesticide

തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിന് കാരണമായത് കീടനാശിനിയായ കാപിക്വ് (KAPIQ) ആണെന്ന് പൊലീസ്. അമ്മയ്ക്ക് കഷായം ഉണ്ടാക്കാനായി വാങ്ങിവച്ചിരുന്ന ആയു‌ർവേദ മിശ്രിതം ഉപയോഗിച്ച് ഗ്രീഷ്മ തയ്യാറാക്കിയ കഷായമാണ് ഷാരോണിനെ കൊലപ്പെടുത്താനായി ഉപയോഗിച്ചത്. ഗ്രീഷ്മയുടെ വീട്ടിൽ കാർഷികാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന കാപ്വിക് എന്ന കീടനാശിനി കല‌‌ർത്തി നൽകുകയായിരുന്നു. ഷാരോണിന്റെ ഛ‌‌ർദ്ദിയിൽ ഇളം പച്ചനിറവും നീല നിറവും കാണപ്പെട്ടതിനെ തുട‌‌ർന്ന് ഫോറൻസിക് വിദഗ്ധരുടെ ഉപദേശപ്രകാരം ഇതനുസരിച്ചുള്ള കീടനാശിനികളെപ്പറ്റിയുള്ള അന്വേഷണവും ഗ്രീഷ്മയുടെ മൊഴിയുമാണ് ഒടുവിൽ കാപിക്വാണ് വില്ലനായതെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. കാപിക്വിലെ ഡൈ ആസിഡ് ബ്ലൂ ആണ് ആന്തരികാവയവങ്ങളെ തകരാറിലാക്കി മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പരമാവധി ശിക്ഷ നൽകണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തങ്ങളുടെ വെളിപ്പെടുത്തലുകൾ സത്യമായതിന്റെയും പൊലീസ് മുഖവിലയ്ക്കെടുത്തതിന്റെയും ആശ്വാസത്തിലാണ് ഷാരോണിന്റെ മാതാപിതാക്കൾ. തങ്ങളുടെ മൊഴിയുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം കുറ്റവാളിയായ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തതിൽ മാതാപിതാക്കൾ തൃപ്തി രേഖപ്പെടുത്തി. കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പരമാവധി ശിക്ഷ വാങ്ങി നൽകണമെന്നുമാണ് ഷാരോണിന്റെ മാതാപിതാക്കളായ ബൈറ്റ് ജയരാജനും പ്രിയയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.