
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരും തമ്മിലെ പോര് അതിന്റെ മൂർദ്ധന്യദശയിലെത്തി നിൽക്കുന്നു. അമ്പിനും വില്ലിനും ഇരുകൂട്ടരും അടുക്കുന്നില്ല. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വറുഗീസ് എന്ന അദ്ധ്യാപികയെ വഴിവിട്ട് നിയമിക്കാൻ അധികൃതർ നീക്കം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങളുടെ പ്രഭവകേന്ദ്രം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ എന്ന സംഘടനയുടെ പരാതിയാണ് ഗവർണർ പിടിവള്ളിയാക്കിയത്. സംഘടനയ്ക്ക് നേതൃത്വം നല്കുന്നത് കോൺഗ്രസ് അനുകൂല സർവകലാശാലാ യൂണിയൻ മുൻ നേതാവാണ്. അവർ സർവകലാശാലകളിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി പ്രചരണം നടത്തുന്നവരാണ്. അതിൽ നിന്നുകൊണ്ടാണ് ഗവർണർ സംസ്ഥാനസർക്കാരിനെതിരെ പോരാട്ടമാരംഭിച്ചത്. സംസ്ഥാന ഭരണത്തലവനാണ് ഗവർണർ എന്നത് ശരി. കേരളത്തിനകത്തുള്ള സർവകലാശാലകൾക്കായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള സംസ്ഥാന നിയമങ്ങളിലെല്ലാം ചാൻസലർ പദവി ഗവർണർക്ക് അനുവദിച്ചിട്ടുള്ളതാണ് എന്നതും ശരി. ചാൻസലർ എന്ന നിലയിൽ എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെ അവരോധിച്ചതും സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരം ഗവർണറാണെന്നതും ശരി.
പക്ഷേ പിന്നീടിങ്ങോട്ട് ഗവർണർ കേരള, കണ്ണൂർ, കാലടി, എം.ജി എന്നിങ്ങനെയുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ടെല്ലാം സർക്കാരിനെതിരെ തിരിയുന്നതാണ് കണ്ടത്. കണ്ണൂരിൽ വി.സിയായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ ഫയലിൽ ഒപ്പുവച്ചത് ചാൻസലറായ ഗവർണറാണെങ്കിലും അതിനെതിരെയും അദ്ദേഹം പിന്നീട് രംഗത്തുവന്നു.
നേരത്തേ ഗവർണർ സർക്കാരിനോട് പൗരത്വഭേദഗതി വിഷയത്തിലും കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങളിലും ഇടഞ്ഞിരുന്നതാണ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭ വിളിക്കാനുള്ള ശുപാർശപോലും നിരസിച്ച് ഞെട്ടിച്ചയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാമതും ശുപാർശ ചെയ്തപ്പോഴാണ് അംഗീകരിച്ചത്. കാർഷികനിയമം കേരളത്തെ ബാധിക്കുന്നതല്ലല്ലോ എന്ന് ചോദിച്ചാണ് ഗവർണർ ശുപാർശ നിരസിച്ചത്.
കണ്ണൂർ സർവകലാശാലയുടെ ആതിഥേയത്വത്തിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പൗരത്വഭേദഗതി വിഷയത്തിൽ ഗവർണർ നടത്തിയ പ്രസംഗം വിവാദമായി. ചരിത്രപണ്ഡിതർ വേദിയിൽ വച്ചുതന്നെ ചോദ്യം ചെയ്തു. പുകിലായി. എന്നാൽ, രണ്ട് വർഷം പിന്നിട്ടപ്പോൾ സർവകലാശാലാ വിവാദങ്ങളിൽ ഗവർണറുടെ രോഷം അണപൊട്ടിയ സന്ദർഭത്തിൽ രണ്ടുവർഷം പഴക്കമുള്ള ചരിത്രകോൺഗ്രസ് വിവാദവും ഗവർണർ ആയുധമാക്കി. അലിഗഢ് സർവകലാശാലയിൽ ആരിഫ് മുഹമ്മദ് ഖാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് അവിടെ അദ്ധ്യാപകനായിരുന്ന പ്രമുഖ ചരിത്രപണ്ഡിതൻ ഇർഫാൻ ഹബീബിനെ അദ്ദേഹം ഗുണ്ട എന്നുവരെ വിളിച്ചു. അറിയപ്പെടുന്ന ചരിത്രപണ്ഡിതനായ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്നും.
90കൾ പിന്നിട്ട ഇർഫാൻ ഹബീബ് അതൊക്കെ അവഗണിച്ച് അദ്ദേഹത്തിന്റേതായ സപര്യയിൽ മുഴുകിയതേയുള്ളൂ. എന്നിരുന്നാലും ഗവർണർ വിടാനൊരുക്കമായിരുന്നില്ല. ഈ വർഷം തുടക്കത്തിൽ നിയമസഭാസമ്മേളനം ആരംഭിക്കാനുള്ള നയപ്രഖ്യാപനം അവതരിപ്പിക്കേണ്ട ഗവർണർ അതിൽ ഒപ്പുവയ്ക്കാൻ അവസാനമണിക്കൂർ വരെ വിസമ്മതിച്ചുകൊണ്ട് സർക്കാരിനോട് വിലപേശി. സർക്കാർ മുൾമുനയിൽ നിന്നു. ഒടുവിൽ പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സ്ഥാനത്തുനിന്ന് തത്ക്കാലം മാറ്റി ഗവർണറെ അനുനയിപ്പിക്കേണ്ടി വന്നു. രാജ്ഭവനിൽ തന്റെ അഡിഷണൽ പി.എയുടെ നിയമനത്തിൽ പൊതുഭരണസെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നതായിരുന്നു ഗവർണറെ പ്രകോപിപ്പിച്ചത്. അപ്പോഴെല്ലാം അനുനയത്തിന് വഴങ്ങിയ ഗവർണർ സമീപകാലത്തായി സന്ധിയില്ലാ സമരത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർവകലാശാലാ വിവാദങ്ങൾ.
കേരള സർവകലാശാലയ്ക്ക് പുതിയ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സർവകലാശാലാ നോമിനിയെ നിർദ്ദേശിക്കാനുള്ള ഗവർണറുടെ നിരന്തര ആവശ്യം നിരസിച്ച സർവകലാശാലാ സെനറ്റ് ചാൻസലർക്കെതിരെ പ്രമേയം പോലും പാസാക്കി. നോമിനേറ്റഡ് സെനറ്റ് അംഗങ്ങളെ തന്റെ സവിശേഷാധികാരം പ്രയോഗിച്ച് ഗവർണർ പുറത്താക്കി.
വി.സിമാരോട്
രാജി ചോദിക്കുന്നു
ഡോ.എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലാ വി.സിയായി ഡോ.എം.എസ്. രാജശ്രീയെ നിയമിച്ചത് യു.ജി.സി നിബന്ധനകൾ പാലിക്കാതെയാണെന്ന സുപ്രീംകോടതി വിധിയാണ് പുതിയ വിവാദം. ഹൈക്കോടതി തള്ളിയ കേസാണ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി യു.ജി.സി ചട്ടങ്ങളിൽ മുറുകെപ്പിടിച്ചപ്പോൾ വിധി മറ്റൊന്നായി. വി.സി പുറത്തായി. വി.സി നിയമനം അസാധുവാക്കിയാണ് സുപ്രീംകോടതി വിധി.
ഈ വിധിയിൽ പിടിച്ചുകൊണ്ട് ഗവർണർ സംസ്ഥാനത്തെ മറ്റ് ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ടു. അവരെ കേൾക്കുകയെന്ന സ്വാഭാവികനീതി പോലും നിഷേധിച്ചുണ്ടായ ഗവർണറുടെ ഇടപെടലിൽ പലരും നെറ്റി ചുളിച്ചു. ഹൈക്കോടതിക്കും അത് വകവച്ച് കൊടുക്കാനായില്ല. ഹൈക്കോടതി നിരീക്ഷണം വന്നപ്പോൾ ഗവർണർ നിലപാട് മയപ്പെടുത്തി. വി.സിമാരോട് അദ്ദേഹം വിശദീകരണം തേടാൻ തീരുമാനിച്ചു. വിശദീകരണം തേടി നോട്ടീസയച്ചു. മറ്റ് രണ്ട് വി.സിമാർക്ക് കൂടി പുതുതായി നോട്ടീസയച്ച് കാത്തിരിക്കുകയാണ് ഗവർണർ.
യഥാർത്ഥത്തിൽ സുപ്രീംകോടതി വിധിച്ച സാങ്കേതിക സർവകലാശാലാ കേസിൽ രണ്ടാം എതിർകക്ഷി വി.സിയുടെ നിയമനാധികാരിയായിരുന്ന ചാൻസലർ കൂടിയായ ഗവർണർ തന്നെയായിരുന്നു. നിയമനത്തെ ന്യായീകരിച്ച് അദ്ദേഹം തന്നെ കോടതിയിൽ നൽകിയ സത്യവാങ്മൂലം തള്ളിക്കളഞ്ഞായിരുന്നു കോടതിവിധി. അവിടെ ന്യായീകരിച്ച ഗവർണർ പക്ഷേ തന്നെത്തന്നെ തള്ളിപ്പറഞ്ഞ വിധിയെടുത്തുപിടിച്ച് സർക്കാരിനെതിരെ ആയുധമാക്കുന്നതിലെ ഇരട്ടത്താപ്പും ചർച്ചാവിഷയമാണിപ്പോൾ. ചാൻസലർ ആവശ്യപ്പെട്ട വിശദീകരണം നൽകാൻ വി.സിമാർ ബാദ്ധ്യസ്ഥരാണ്. അതുണ്ടാവുന്നില്ല എന്നതിലുമുണ്ട് പൊരുത്തക്കേട്. അതുകൊണ്ട് എല്ലാം ന്യായമാണെന്ന നിഗമനത്തിലേക്കെത്താൻ സാധിക്കുന്നുമില്ല.
ബില്ലുകളിലൊപ്പിടാതെ...
സർവകലാശാലാ വി.സി നിയമനത്തിനായുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തുന്നതടക്കമുള്ള വ്യവസ്ഥകളടങ്ങിയ സർവകലാശാലാ നിയമഭേദഗതി ബില്ലും ലോകായുക്തയുടെ വിധി അന്തിമമാണെന്ന വ്യവസ്ഥ മാറ്റുന്ന ലോകായുക്ത നിയമഭേദഗതി ബില്ലും അടക്കം ഇക്കഴിഞ്ഞ സെപ്‌തംബറിലെ നിയമസഭാസമ്മേളനം പാസാക്കിയ ഏതാനും ബില്ലുകൾ ഇനിയും ഒപ്പിടാതെ ഗവർണർ തടഞ്ഞുവച്ചിരിക്കുകയാണ്. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം കല്പിച്ചുകിട്ടിയ സവിശേഷാധികാരം പ്രയോഗിച്ചാണ് ഗവർണർ സർക്കാരിനെ ഇക്കാര്യത്തിലും വട്ടംചുറ്റിക്കുന്നത്. സർവകലാശാലാ ഭേദഗതി നിയമം വി.സി നിയമനത്തിൽ ചാൻസലറെന്ന നിലയ്ക്ക് ഗവർണർക്ക് കിട്ടുന്ന മേൽക്കൈ ഇല്ലാതാക്കുന്നതാകുമ്പോൾ അതീവ കൗശലക്കാരനായ ആരിഫ് മുഹമ്മദ് ഖാനെന്ന രാഷ്ട്രീയനേതാവ് അടങ്ങിയിരിക്കുമോ?
ഇങ്ങനെ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതും സർക്കാരിന്റെ ദൈനംദിന ഇടപെടലുകളെപ്പോലും ബാധിക്കുംവിധം കാര്യങ്ങൾ നീങ്ങുന്നതും സംസ്ഥാനത്ത് ഭരണസ്തംഭനം പോലും സൃഷ്ടിക്കുന്നുവെന്ന ആശങ്കയുയരുകയാണ്.
മന്ത്രിയോട്
പ്രീതി നഷ്ടപ്പെടുന്നു
ഏറ്റവുമൊടുവിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിൽ തനിക്കുള്ള പ്രീതി നഷ്ടപ്പെട്ടെന്നറിയിച്ച് ഗവർണർ നൽകിയ കത്താണ് വിവാദം. സർവകലാശാലാ വിവാദങ്ങളിൽ മന്ത്രി കേരളസർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് ഗവർണർ ആയുധമാക്കിയത്. എസ്.എഫ്.ഐ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബനാറസ് ഹിന്ദു സർവകലാശാലയിലെത്തിയ താൻ കണ്ട അനുഭവം വിവരിച്ച് അതുപോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സാഹചര്യം മനസ്സിലാവില്ലെന്ന് മന്ത്രി പറഞ്ഞതാണ് ഗവർണർ ആയുധമാക്കിയത്.
ഗുരുതരമായ കുറ്റപത്രമാണ് മന്ത്രിക്കെതിരെ അദ്ദേഹം ചാർത്തുന്നത്. പ്രാദേശികവിഭാഗീയത വളർത്തി, രാജ്യദ്രോഹക്കുറ്റം ചെയ്തു, സത്യപ്രതിജ്ഞാലംഘനം നടത്തി എന്നിങ്ങനെ. മുഖ്യമന്ത്രി ഗവർണറുടെ അപ്രീതി മുഖവിലയ്ക്കെടുക്കാതെയും മന്ത്രിയെ തുണച്ചും മറുപടിക്കത്ത് നൽകി. ഗവർണർ അതിൽ തൃപ്തനല്ല. അദ്ദേഹം ഇനി ഈയാഴ്ച ഒടുവിൽ തലസ്ഥാനത്ത് മടങ്ങിയെത്തുമ്പോളറിയാം തുടർരാഷ്ട്രീയനാടകങ്ങളുടെ പോക്ക്.
ഗവർണർ ആയുധമാക്കുന്നത് ഭരണഘടനാ അനുച്ഛേദങ്ങൾ കല്പിച്ചുനൽകിയ അവകാശങ്ങളാണ്. അനുച്ഛേദം 163 (2)ൽ ഗവർണർക്ക് സ്വവിവേകമനുസരിച്ച് തീരുമാനമെടുക്കാമെന്നും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും പറയുന്നു. 164(1)ൽ പറയുന്നത്, മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും മറ്ര് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിൽ ഗവർണർ നിയമിക്കേണ്ടതും മന്ത്രിമാർ ഗവർണർക്ക് പ്രീതിയുള്ളിടത്തോളം ഉദ്യോഗം വഹിക്കേണ്ടതുമാകുന്നു എന്നാണ്. ' പ്രീതിയുള്ളിടത്തോളം' എന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആയുധം.
ഇത് വച്ച് കോടതിവ്യവഹാരങ്ങളിലേക്ക് കാര്യങ്ങളെത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു. എന്നാൽ, നേരത്തേ ഇതേ ഭരണഘടനാവ്യവസ്ഥകളെ വ്യാഖ്യാനിച്ചുണ്ടായ കോടതിവിധികളൊന്നും മന്ത്രിക്കെതിരെ നീങ്ങാനുള്ള ഗവർണറുടെ അധികാരപ്രയോഗത്തെ വകവച്ച് കൊടുക്കുന്നില്ല. ഗവർണറുടെ പ്രീതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് നിയമസഭയ്ക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യവും മറ്രുമാകണമെന്ന് ഭരണഘടനാ നിർമാണസഭയ്ക്കകത്ത് നടന്ന ചർച്ചകളിൽ ഡോ. അംബേദ്കറടക്കം വിശദീകരിച്ചതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗവർണർക്ക് കാര്യങ്ങളൊക്കെ അറിയാം. ശിശുസഹജമായ നിഷ്കളങ്കതയോടെയുള്ള നീക്കമായി അദ്ദേഹത്തിന്റെ അപ്രീതിയെ ആരും കണക്കാക്കുമെന്ന് കരുതാനാവില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ കേരള ഗവർണർ സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാൻ ആകുമ്പോൾ. എന്നിരുന്നാലും ഭരണഘടനാവ്യവസ്ഥ ഇനിയേതെങ്കിലും കാരണവശാൽ അദ്ദേഹത്തെ തുണച്ചാലോ. പറയാനാവില്ല. സംഘപരിവാർ ഭരണകാലത്ത് ജുഡിഷ്യറിയിലടക്കം പ്രകടമാകുന്ന മാറ്റങ്ങൾ എല്ലാം പ്രവചനാതീതമാക്കുന്നുണ്ട്.
പെട്ടുപോയ
പ്രതിപക്ഷം
ഗവർണറും സർക്കാരും തമ്മിലെ പോരിൽ അക്ഷരാർത്ഥത്തിൽ പെട്ടുപോയത് കേരളത്തിലെ പ്രതിപക്ഷമാണ്. ചെകുത്താനും കടലിനുമിടയിൽ പെട്ടുപോയിരിക്കുകയാണവർ. ഗവർണറുടേത് വഴിവിട്ട പോക്കെന്ന് ഇപ്പോൾ പൊതുസമൂഹമാകെ സംശയബുദ്ധ്യാ പ്രകടമാക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ണുമടച്ച് അനുകൂലിക്കുക പ്രയാസം. പ്രത്യേകിച്ചും വി.സിമാർക്കും മന്ത്രിമാർക്കുമെതിരെയുണ്ടായ അദ്ദേഹത്തിന്റെ നീക്കങ്ങൾ നിഷ്കളങ്കമല്ലെന്ന് യു.ഡി.എഫിനകത്തെ മുസ്ലിംലീഗടക്കമുള്ള കക്ഷികൾ പോലും കരുതുമ്പോൾ. വിശാലമായ ഇന്ത്യൻ രാഷ്ട്രീയപരിസരം വച്ച് കാര്യങ്ങളെ വീക്ഷിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം നിർബന്ധിതമാകുമ്പോൾ അവർക്കും ഗവർണറുടെ വഴിവിട്ട പോക്കിനെ തള്ളിപ്പറയേണ്ടി വരുന്നു.
എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് സർവകലാശാലകൾക്കകത്ത് നടക്കുന്ന നിയമനവിവാദങ്ങളോടടക്കം കണ്ണടയ്ക്കാനാവില്ല. അതവർക്ക് തീർച്ചയായും സർക്കാരിനെതിരായ രാഷ്ട്രീയായുധമാണ്. അതിൽ ഗവർണർ ഇടപെടുമ്പോൾ ഗവർണറെ തള്ളാനാകുമോ? എന്നാൽ ഗവർണറുടെ അമിതാധികാരപ്രയോഗങ്ങളെ, അഖിലേന്ത്യാതലത്തിൽ സംഘപരിവാറിന്റെ മുഖ്യശത്രുവായി നിൽക്കുന്ന കോൺഗ്രസിന് അനുകൂലിക്കാനാവുമോ?
ഗവർണറാണോ ഇവിടത്തെ പ്രതിപക്ഷമെന്ന ചോദ്യമൊക്കെ അയുക്തികമെങ്കിലും പ്രതിപക്ഷം വല്ലാത്ത ദുരിതാവസ്ഥയിലാണെന്ന് പറയാതെ വയ്യ. ഗവർണറും സർക്കാരും തമ്മിലേത് വ്യാജ ഏറ്റുമുട്ടൽ എന്നൊക്കെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറയേണ്ടി വന്നതുതന്നെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ പെട്ടുപോയ അവസ്ഥയെ കാണിച്ചുതരുന്നുണ്ട്.