pipe-poorvasthithiyilakun

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക് മുസ്ലീം പള്ളിയ്ക്ക് സമീപം മദ്രസ റോഡിൽ പൊട്ടികിടന്ന പൈപ്പ് പൂർവ്വ സ്ഥിതിയിലാക്കി. കഴിഞ്ഞ 16ന് 'നാവായിക്കുളത്ത് പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു പരിഹാരമില്ലാതെ കുടിവെള്ളക്ഷാമം' എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വാർത്ത വന്നിരുന്നു. തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ അടിയന്തിര യോഗം ചേർന്ന് വിഷയത്തിൽ ഉടൻ പരിഹാരം കാണുകയായിരുന്നു. പൊട്ടിയ പൈപ്പ് വഴി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിരുന്നു. ആദ്യം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് വെള്ളം ഒഴുകികൊണ്ടിരുന്നത്. പിന്നീട് പല ഭാഗങ്ങളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി. ഏതു ഭാഗത്താണ് പൈപ്പ് പൊട്ടിയതെന്നു പോലും വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. പൊതുവേ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. പൊതു പൈപ്പ് വഴി എത്തുന്ന വെള്ളത്തെ ആശ്രയിക്കുന്നത് ഒട്ടനവധി പേരാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് പൈപ്പ് വഴി വെള്ളം വിതരണം ചെയ്യുന്നത്. ആഴ്ചകളോളം ഇത് മുടങ്ങുന്നതും പതിവാണ്. ജലവിതരണം നടത്തുന്ന സമയത്ത് പൊട്ടിയ പൈപ്പുകൾ വഴി ജലം ശക്തിയായി ഒഴുകുന്നതിനാൽ വെള്ളത്തിന്റെ പ്രഷർ കുറഞ്ഞ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാതെയും വരുന്നുണ്ട്.