കല്ലമ്പലം:മണമ്പൂർ ആഴാംകോണം മുതൽ ആറ്റിങ്ങൽ മാമം വരെ പുതുതായി നിർമ്മിക്കുന്ന ബൈപ്പാസിനായി നിലം ഏറ്റെടുത്ത കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് മണമ്പൂർ പ്രജി നിവാസിൽ ഡി.ഭാസി ഉൾപ്പെടെ 15 ഓളം പേർ നിവേദനം ഒപ്പിട്ട് വകുപ്പ് മന്ത്രിക്ക് നൽകിയിട്ടും നടപടിയില്ല.
ഭാസിയുടെ 19 സെന്റ് നിലത്തിൽ നിന്ന് ആദ്യം 11 സെന്റും പിന്നീട് 3 സെന്റും റോഡിനു വേണ്ടി എടുത്തിരുന്നു. രണ്ടാമത് ഏറ്റെടുത്ത 3 സെന്റിന്റെ തുക ലഭിച്ചു. എന്നാൽ ആദ്യം ഏറ്റെടുത്ത 15 സെന്റിന്റെ തുക ഇനിയും കിട്ടിയിട്ടില്ലെന്നാണ് പരാതി.മണമ്പൂർ വില്ലേജിൽ റോഡ് കടന്നുപോകുന്ന ഭാഗത്തുള്ള വയൽ ഉടമകളും പരാതിയുമായി രംഗത്തെത്തി.ഇതിൽ മണമ്പൂർ വില്ലേജിൽ 57 പേർക്ക് ഇത്തരത്തിൽ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ടെന്ന് പരാതിയിൽ പറയുന്നു. കൃഷി കൊണ്ട് ഉപജീവനം നയിക്കുന്ന കർഷകരുടെ പ്രശ്നത്തിനും പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.