തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയും മതേതരമൂല്യങ്ങളും പ്രാണവായുപോലെ സംരക്ഷിച്ച ഇന്ദിരാഗാന്ധി എക്കാലവും ഭരണരംഗത്തെ മികച്ച മാതൃകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ .ആന്റണി. സുരക്ഷാകാരണങ്ങളാൽ സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലരെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിക്ക് ശേഷം മാറ്റണമെന്ന് നിർദ്ദേശിച്ചിട്ടും അത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടുമെന്ന കാരണത്താൽ ഒഴിവാക്കിയ ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ തന്നെയായിരുന്നു ബലിനൽകേണ്ടിവന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് പ്രാർത്ഥനായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എം ഹസൻ, തെന്നല ബാലകൃഷ്ണപിള്ള,കെ.മുരളീധരൻ എം.പി, എൻ ശക്തൻ, ടി.യു രാധാകൃഷ്ണൻ,ജി.എസ്. ബാബു, ജി.സുബോധൻ തുടങ്ങിയവർ പങ്കെടുത്തു.