
 ടോയ്ലെറ്റിൽ വച്ച് കുടിച്ചത് ക്ളീനിംഗ് ലോഷൻ
 ഗ്രീഷ്മ ആശുപത്രിയിൽ, റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി കാമുകൻ പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ, കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ടോയ്ലെറ്രിൽ ക്ളീനിംഗ് ലോഷൻ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. നെടുമങ്ങാട് ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഗ്രീഷ്മയെ വിദഗ്ദ്ധ പരിചരണത്തിന് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സിയുവിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഏഴോടെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നില മെച്ചപ്പെട്ടതോടെ ആശുപത്രിയിലെത്തി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതകക്കുറ്റം (ഐ.പി.സി 302 ) ചുമത്തി. ആത്മഹത്യാശ്രമത്തിനും കേസെടുത്തു. നെയ്യാറ്രിൻകര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എത്തി ആത്മഹത്യാ ശ്രമക്കേസിൽ മൊഴി രേഖപ്പെടുത്തി.
വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ സസ്പെന്റ് ചെയ്തത്. നാല് വനിതാ പൊലീസുകാരെയാണ് ഗ്രീഷ്മയെ നോക്കാനുള്ള ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ടോയ്ലെറ്റിൽ പോകണമെന്ന് പറഞ്ഞപ്പോൾ ലോക്കപ്പിലെ സൗകര്യം ഉപയോഗിക്കാതെ പുറത്തിറക്കി മറ്റൊരു ടോയ്ലെറ്റിലാണ് പൊലീസുകാരികൾ കൊണ്ടുപോയത്. അതിനുമുമ്പ് ടോയ്ലെറ്റിനകം പരിശോധിച്ചില്ല. വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്യാനും അനുവദിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോയ്ലെറ്റിലുണ്ടായിരുന്ന ലൈസോളാണ് ഗ്രീഷ്മ കുടിച്ചത്. പുറത്തിറങ്ങിയശേഷം ഗ്രീഷ്മ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായി. റൂറൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയെ രാത്രിയിൽ സൂക്ഷിക്കാൻ എസ്.പി ഓഫീസിൽ ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാലാണ് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്.
ആരോഗ്യനില തൃപ്തികരണമാണെന്നും ഗ്രീഷ്മയെ ഇന്ന് ഡിസ് ചാർജ് ചെയ്യാനാകുമെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർന്ന്കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.
ആത്മഹത്യാശ്രമം നാടകമോ?
അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ രാമവർമ്മൻചിറയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഇതിൽ നിന്ന് തത്കാലം രക്ഷപ്പെടാനുള്ള നാടകമാണോ ആത്മഹത്യാശ്രമമെന്നാണ് പൊലീസിന് സംശയം. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാനും ഇതുമൂലം സാധിച്ചു. റിമാൻഡ് ചെയ്തതിനാൽ ആശുപത്രിയിൽ നിന്ന് ഗ്രീഷ്മയെ ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ ഇനി ചോദ്യം ചെയ്യനാകൂ.