തിരുവനന്തപുരം:റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്,നാല് തീയതികളിൽ പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ നടക്കും. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി മേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 4500 ഓളം വിദ്യാർത്ഥികളാണ് ഇക്കുറി ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വി.കെ. പ്രശാന്ത് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.കെ.എസ്. റീന അദ്ധ്യക്ഷയാകും. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ നവംബർ 2ന് നടക്കും. നവംബർ മൂന്നിനാണ് ഗണിത ശാസ്ത്രമേള. ഐ.ടി പ്രവൃത്തി പരിചയമേളകൾ രണ്ട് ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ രണ്ടിനും മൂന്നിനും ഐ.ടിമേളയും മൂന്നിനും നാലിനും പ്രവൃത്തി പരിചയമേളയും. നാലിന് തന്നെ എക്സിബിഷനും ഉണ്ടാകും.മേളയുടെ ഉദ്ഘാടന ദിവസമായ 2ന് 1600 വിദ്യാർത്ഥികളെത്തുമെന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തൽ. രണ്ടാം ദിവസമായ മൂന്നിന് 2500 ഉം, അവസാന ദിവസമായ നാലിന് 500 ഉം കുട്ടികളെയും പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയുടെ നടത്തിപ്പിന് 14 കമ്മിറ്റികളും രൂപീകരിച്ചു. 18 ലക്ഷം രൂപയാണ്‌ മേളയുടെ നടത്തിപ്പ് ചെലവ്. നാലിന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ഡി.ഡി.ഇയും മേളയുടെ ജനറൽ കൺവീനറുമായ സി.കെ. വാസു, സ്വാഗതസംഘം ചെയർമാൻ ജോൺസൺ ജോസഫ്,ബി.എസ്. ഹരിലാൽ,പ്രകാശ്‌ പോരേടം,വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.