തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ യുവമോർച്ച പ്രവർത്തകനായ പൂവച്ചൽ മനോജിന് പരിക്കേറ്റു. കേരളത്തിലെ നിരവധി യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഇതിനെതിരെയുള്ള സമരം അവസാനിപ്പിക്കാൻ സർക്കാർ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാട‌നം ചെയ്യവേ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഭുൽകൃഷ്ണ പറഞ്ഞു.

ജില്ലാപ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ലിബിൻ, രവീണ, പാപ്പനംകോട് നന്ദു, എച്ച്.എസ്.അഭിജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, പാപ്പനംകോട് ശ്രീജിത്ത്, രാമേശ്വരം ഹരി തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് യുവമോർച്ച നേതൃത്വം കൊടുക്കുമെന്ന് നേതൃത്വം അറിയിച്ചു.