sharon

തിരുവനന്തപുരം: ഷാരോണിന്റേത് ദുരഭിമാനക്കൊലയെന്ന സംശയത്തിൽ ആ വഴിക്കും ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നതായി സൂചന. മറ്റൊരു മതത്തിൽപെട്ട ഷാരോണിനെ ഗ്രീഷ്മ വിവാഹം കഴിക്കുന്നത് ദുരഭിമാനമായി കണ്ട് വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംശയം. പ്രണയത്തിൽ നിന്ന് പിന്തിരിയണമെന്ന് പലതവണ ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടും ഷാരോൺ ചെവിക്കൊള്ളാത്തതിന്റെ പകയും കൊലയ്ക്ക് കാരണമായെന്നും അന്വേഷണ സംഘം പറയുന്നു.

കൃത്യം നടത്താനുള്ള ആസൂത്രണത്തിലും കഷായക്കൂട്ടും അതിൽ ചേർക്കാനുള്ള കീടനാശിനിയും വാങ്ങിനൽകുകയും സംഭവം മറച്ചുവച്ച് തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതിനാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയത്. ഹോട്ടൽ തൊഴിലാളിയായ ഗ്രീഷ്മയുടെ പിതാവ് സംഭവ ദിവസം വീട്ടിൽ ഇല്ലാതിരുന്നതിനാൽ കൊലപാതകവുമായി പ്രത്യക്ഷത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.