
തിരുവനന്തപുരം: നിലപാടിലെ കാർക്കശ്യവും വ്യക്തതയും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയെടുത്ത ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ (82) അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ. അന്നുരാവിലെ ഏഴു മുതൽ 11വരെ കണ്ണമ്മൂലയിലെ വീട്ടിലും 11 മുതൽ രണ്ടുവരെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും.
ആർ.എസ്.പിയുടെ വിദ്യാർത്ഥി സംഘടനയായ പി.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ പത്രപ്രവർത്തനായിരുന്നു. ദേവസ്വം ബോർഡ് കോളജിൽ അദ്ധ്യാപകനുമായി. 1975ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 1990ൽ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1999 മുതൽ 2008 വരെ സംസ്ഥാന സെക്രട്ടറിയായി. 2008ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വി.പി.രാമകൃഷ്ണപിള്ളയോട് പരാജയപ്പെട്ടു. അതേവർഷം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 2018വരെ ആ ചുമതലയിൽ തുടർന്നു. ബേബിജോണിനും കെ.പങ്കജാക്ഷനും ശേഷം കേരളത്തിൽ നിന്ന് ആ സ്ഥാനത്തേക്ക് എത്തിയ നേതാവ്. നിലവിൽ പാർട്ടി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവ്.
1982, 1987 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്നും 2006ൽ ആര്യനാട് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇടതു- യു.പി.എ കോർ കമ്മിറ്റിയിൽ അംഗമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
കെ.പങ്കജാക്ഷൻ മന്ത്രിയായിരുന്നപ്പോൾ അഡി. പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്.സി മുൻ മെമ്പറും ഒഡെപെക് ചെയർമാനുമായിരുന്നു. ഭാര്യ: തുളസി ഭായി. മക്കൾ: പാർവതി ചന്ദ്രചൂഡൻ (പെൻഷൻ ബോർഡ് ), ഡോ. ലക്ഷ്മി (യു.എസ്.എ). മരുമക്കൾ: എം.പി. സാജു (സി.എം.പി സംസ്ഥാന അസി. സെക്രട്ടറി), മഹേഷ് (യു.എസ്.എ).