
ജയസൂര്യയെ നായകനാക്കി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കടത്തമറ്റത്ത് കത്തനാരിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. വലിയ കാൻവാസിൽ ത്രിമാന ചിത്രമായാണ് കത്തനാർ ഒരുങ്ങുന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ,ജോ ആന്റ് ദ ബോയ്, ഹോം എന്നീ സിനിമകൾക്കുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർക്കുവേണ്ടി എറണാകുളത്ത് കൂറ്റൻ സെറ്റ് ഒരുങ്ങുന്നുണ്ട്. ഇവിടെയാകും ആദ്യഘട്ട ചിത്രീകരണം. ഇന്ത്യയിൽ ആദ്യമായി വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ചിത്രമാണ് കത്തനാർ. ലയൺകിംഗ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ. രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം സാങ്കേതിക മികവിൽ മുൻപന്തിയിലായിരിക്കും. ഏകദേശം 75 കോടി രൂപയാണ് ബഡ്ജറ്റ്. ചെന്നൈയും റോമും ചിത്രത്തിന്റെ ലൊക്കേഷനായിരിക്കും.ആർ. രാമാനന്ദ് രചന നിർവഹിക്കുന്നു.
നീൽ ഡി .കുഞ്ഞ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രാഹുൽ സുബ്രഹ്മണ്യം.അതേസമയം ഈശോ ആണ് ജയസൂര്യ നായകനായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം . നാദിർഷ സംവിധാനം ചെയ്ത ആദ്യ ത്രില്ലർ ചിത്രമായ ഈശോയിൽ നമിത പ്രമോദ് ആയിരുന്നു നായിക.