
ഉദിയൻകുളങ്ങര: ആന്ധ്രാപ്രദേശിലെ ചിന്താപ്പള്ളിയിൽനിന്ന് ചെന്നൈവഴി കേരളത്തിലേക്ക് ആഡംബര ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 10കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. അമരവിള ഏക്സൈസ് ചെക്ക്പോസ്റ്റിൽ വച്ചാണ് പിടിയിലായത്. കൊല്ലം ശാസ്താംകോട്ട തുരുത്തിക്കര കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ കാട്ടി എന്ന സുരേഷ് (29), രാജഗിരി മിനി ഭവനിൽ സിജോ കമൽ ( 24 ), ശാസ്താംകോട്ട മനക്കര രാജഗിരി പുത്തൻ വീട്ടിൽ സ്റ്റെറിൽ (22 ), ആനാവൂർ മാങ്കോട് മണ്ണിടിക്കോണം കുഴിയാവ് കിഴക്കേക്കര പുത്തൻ വീട്ടിൽ സുനിൽ ( 39 ) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ചെന്നെയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരുംവഴി ബാഗിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സജി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് കൃഷ്ണൻ.കെ, പ്രവീൺ.പി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ അമരവിള എക്സൈസ് റേഞ്ചിന് കൈമാറി. ഇന്ന് രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും.