
മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് തുനിവ്. അജിത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താൻ ഡബ് ചെയ്യുന്ന ചിത്രം മഞ്ജുവാര്യർ ആരാധകർക്കായി പങ്കുവച്ചു. ധനുഷിന്റെ നായികയായി അഭിനയിച്ച അസുരൻ ആണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. അസുരനിലും തന്റെ കഥാപാത്രത്തിന് മഞ്ജു തന്നെയാണ് ഡബ് ചെയ്തത്. നാഗർകോവിലിൽ ജനിച്ചുവളർന്ന മഞ്ജുവിന് തമിഴ് വായിക്കാൻ അറിയാം. തമിഴ് സ്ക്രിപ്ട് തന്നെയാണ് ഇരുചിത്രങ്ങളുടെയും ഡബിംഗിന് മഞ്ജുവിന് നൽകിയത്. തുനിവിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചതിൽ ആരാധകർ മഞ്ജുവിന് നന്ദി പറയുന്നു. ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്നും ആരാധകർ. ജനുവരിയിൽ പൊങ്കൽ റിലീസായി തുനിവ് എത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ബോണി കപൂർ ആണ് നിർമിക്കുന്നത്.