
തിരുവനന്തപുരം: സംസ്ഥാനത്ത് 1666 വില്ലേജുകളിൽ 1550ൽ ഡിജിറ്റൽ റീസർവേയ്ക്ക് ഇന്ന് തുടക്കമാവും. തിരഞ്ഞെടുത്ത 200 വില്ലേജുകളിലാവും ആദ്യം സർവേ. സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും.
116 വില്ലേജുകളിൽ ഡിജിറ്റൽ രൂപത്തിലുള്ള ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ പൂർത്തീകരിച്ചിട്ടുണ്ട്. നാല് വർഷം കൊണ്ട് സർവേ പൂർത്തിയാക്കും. ഇതിനായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിക്കും.
ഡിജിറ്റൽ റീ സർവേയ്ക്ക് 858.42 കോടിയാണ് മൊത്തം ചെലവ്. ആദ്യഘട്ടമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്ന് 438.46 കോടി രൂപ അനുവദിച്ചു.
ഭൂമിയുടെ രേഖകളെല്ലാം ഡിജിറ്റലാക്കുകയും ഭൂവിസ്തൃതി സംബന്ധിച്ച ആധികാരിക രേഖ തയ്യാറാക്കുകയുമാണ് ലക്ഷ്യം.
ആധുനിക സാങ്കേതിക വിദ്യയും ഡ്രോണും ഉപയോഗിച്ചുള്ള സർവേ മാപ്പിംഗ് പൂർണമാകുന്നതോടെ വില്ലേജ്, രജിസ്‌ട്രേഷൻ, ഭൂസർവേ വകുപ്പുകളുടെ രേഖകൾ വിവരസാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടി സർവേ പ്രയോജനപ്പെടും. സർവേ ഒഫ് ഇന്ത്യക്കാണ് പദ്ധതി മേൽനോട്ടം.
#ഡിജിറ്റൽ സർവേ
ഡ്രോൺ സർവേ, റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) റോവർ, ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ), ടാബ് ലെറ്റ് പി.സി സംവിധാനങ്ങൾ കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻ) എന്ന ജി.പി.എസ് നെറ്റ് വർക്കിന്റെ പരിധിക്കുള്ളിൽ പ്രവർത്തിപ്പിച്ചാവും സർവേ. സംസ്ഥാനത്ത് 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കും.
നടപടികൾ സുതാര്യം
#വില്ലേജുകളിൽ പദ്ധതി വിശദീകരണത്തിന് സർവേസഭകൾ സംഘടിപ്പിച്ചു.
#സർവേ ഭൂഉടമയുടെ സാന്നിദ്ധ്യത്തിൽ
#തത്സമയം മാപ്പുകൾ തയ്യാറാക്കുന്നതിനാൽ ഭൂമിയുടെ അതിർത്തികൾ ഉടൻ അറിയാം.
#സർവേ വിവരങ്ങൾ 'എന്റെ ഭൂമി' ഓൺലൈൻ പോർട്ടലിൽ കിട്ടും
#സർവേ പരാതികൾ സെറ്റിൽമെന്റ് ആക്ട് നിലവിൽ വന്നശേഷം പരിഹരിക്കും.
#അതിൽ പരിഹാരമായില്ലെങ്കിൽ കോടതിയെ സമീപിക്കാം.