
ആർ.എസ്.പിയുടെ തലയെടുപ്പുള്ള നേതാവായി ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിട്ടും പ്രായോഗിക രാഷ്ട്രീയത്തിൽ പരാജയത്തിന്റെ കയ്പുനീര് മാത്രം വിധിക്കപ്പെട്ടതിന്റെ വൈരുദ്ധ്യമാണ് പ്രൊഫ.ടി.ജെ. ചന്ദ്രചൂഡനിൽ തെളിഞ്ഞുനിന്നിട്ടുണ്ടാവുക. ആർ.എസ്.പിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ നിയോഗം അദ്ദേഹത്തിൽ വന്നുചേർന്നതു പോലും സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ടാണെന്ന് ചിന്തിക്കുന്നവരാണ് ആ പാർട്ടിയിൽ ഏറിയകൂറും. ജനറൽ സെക്രട്ടറിയായത് ആർ.എസ്.പിയുടെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും പ്രതാപകാലത്തായത് കൊണ്ട് ദേശീയതലത്തിൽ പ്രൊഫ.ടി.ജെ. ചന്ദ്രചൂഡൻ ശ്രദ്ധിക്കപ്പെട്ട താരമായി അന്ന്.
2008 ലായിരുന്നു അത്. ഒന്നാം യു.പി.എ ഭരണകാലം. ഇടതുപക്ഷം അറുപതിലേറെ സീറ്റുകളുമായി യു.പി.എ ഭരണത്തെ താങ്ങിനിറുത്തിയ കാലം. ആണവകരാർ വിഷയത്തിലാണല്ലോ ഇടതുപക്ഷം യു.പി.എയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നത്. ആണവകരാറിന് എതിരായ നിലപാട് ഇടതുപക്ഷം കൈക്കൊണ്ടത് ചന്ദ്രചൂഡന്റേതടക്കമുള്ള നിഗമനങ്ങൾ ശരിവച്ചിട്ടാണ്. എന്നാൽ ഇന്നൊന്ന് തിരിഞ്ഞ് ചിന്തിക്കുമ്പോൾ ആണവകരാർ വിഷയത്തിലെ ആ പിന്തുണ പിൻവലിക്കൽ കൊണ്ട് ഇടതുപക്ഷത്തിനും കോട്ടങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നും കാണണം. പക്ഷേ അന്നത്തെ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്ക് അത്രയേറെ രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്നു. ആർക്കും മനസ്സിലാവാത്ത ആണവകരാറിന്റെ പേരും പറഞ്ഞ് വെറുതെ പിന്തുണ പിൻവലിക്കേണ്ടിയിരുന്നോ എന്ന് ചോദിക്കുന്നവർ ഇന്ന് ഇടതുപക്ഷത്ത് തന്നെയുണ്ട്. പക്ഷേ, അതിനുശേഷം നോക്കൂ. കേരളത്തിലെ ആർ.എസ്.പി കോൺഗ്രസിനൊപ്പമുള്ള മുന്നണിയിലായി. ആണവകരാർ വിഷയത്തിന് ശേഷം കോൺഗ്രസ് മുന്നണിയോടുള്ള സഹകരണം പറ്റുകയേ ഇല്ലെന്ന് തീർത്തു പറഞ്ഞുകൊണ്ടിരുന്ന നേതാവ് ചന്ദ്രചൂഡനും പാർട്ടി ആർ.എസ്.പിയുമായിരുന്നു. സി.പി.ഐക്ക് അങ്ങനെയൊരു തോന്നലില്ലായിരുന്നു. സി.പി.എമ്മിലും ഒരു വിഭാഗത്തിന് അതായിരുന്നില്ല മനസ്സ്. പക്ഷേ, കേരളത്തിൽ നിന്നുള്ള ഒരേയൊരു പിൻബലത്തിൽ ദേശീയരാഷ്ട്രീയത്തിൽ സാന്നിദ്ധ്യമറിയിച്ച് നിൽക്കുന്ന ആർ.എസ്.പി ഇന്ന് പറയുന്നത് കോൺഗ്രസും ഉൾപ്പെടുന്ന മുന്നണി വേണമെന്നുതന്നെയാണ്.
2008ലെ കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചന്ദ്രചൂഡനെ ആർ.എസ്.പിയിലെ വി.പി. രാമകൃഷ്ണപിള്ള വിഭാഗം തോല്പിക്കുന്നത്. രാമകൃഷ്ണപിള്ള സംസ്ഥാന സെക്രട്ടറിയായി. തൊട്ടടുത്ത മാസം ഡൽഹിയിൽ നടന്ന പാർട്ടി കോൺഗ്രസാണ് പക്ഷേ ചന്ദ്രചൂഡനെ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ഇടത്- യു.പി.എ ഏകോപനസമിതിയിലെ നിർണായകകണ്ണിയായി വിരാജിച്ച ചന്ദ്രചൂഡൻ രാജ്യസഭയിലേക്ക് എത്തണമെന്ന ചിന്താഗതി സി.പി.എമ്മിനകത്ത് ശക്തമായ കാലമായിരുന്നു ഒന്നാം യു.പി.എയുടെ അവസാനകാലം. 2009 ആദ്യം രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഒഴിവ് വന്നപ്പോൾ അത് ചന്ദ്രചൂഡന് വേണ്ടി ആർ.എസ്.പിക്ക് വിട്ടുനൽകണമെന്ന് കേരള സി.പി.എം നേതൃത്വത്തോട് ശുപാർശ ചെയ്തത് സി.പി.എം ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടാണ്. സി.പി.എം അതിന് തയാറെടുത്ത്, ആർ.എസ്.പി നേതൃത്വവുമായി സംസാരിച്ചു. സി.പി.എം നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് സംസ്ഥാന ആർ.എസ്.പി നേതൃത്വം സീറ്റ് നിരാകരിച്ചത്. തങ്ങൾക്കിപ്പോൾ സീറ്ര് വേണ്ടെന്ന നിലപാടെടുത്തു അവർ. അങ്ങനെ നോക്കുമ്പോൾ സി.പി.ഐയിലെ എം.പി. അച്യുതന് അപ്രതീക്ഷിത നിയോഗമായി രാജ്യസഭാ സീറ്റ് കൈവന്നത് ചന്ദ്രചൂഡന്റെ കൂടി കൃപ എന്നുപറയാം. ആർ.എസ്.പി വേണ്ടെന്ന് പറഞ്ഞതിനാൽ അത് സി.പി.ഐയ്‌ക്ക് കിട്ടി. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ അതിലേക്ക് അച്യുതനെ പരിഗണിക്കുകയായിരുന്നു.
2009 ൽ സീറ്റിനോട് വിപ്രതിപത്തി കാട്ടിയ ആർ.എസ്.പി 2014ൽ കൊല്ലം ലോക്‌സഭാ സീറ്റ് കിട്ടാത്തതിന് മുന്നണിക്കകത്ത് കലാപമുയർത്തി പുറത്ത് പോകുമ്പോൾ ദേശീയ ജനറൽസെക്രട്ടറിയായിരുന്ന ചന്ദ്രചൂഡൻ മൗനാനുവാദം നൽകി. കേരള പാർട്ടിയുടെ അസ്തിത്വമാണ് പ്രധാനമെന്ന് അദ്ദേഹം ചിന്തിച്ചു. മനസ്സുകൊണ്ട് ഇടതുപക്ഷത്ത് തുടരണമെന്നാണ് ആഗ്രഹിച്ചതെങ്കിലും. യു.ഡി.എഫിലേക്ക് പോയ പാർട്ടിക്ക്, കൊല്ലത്ത് മത്സരിക്കാൻ പാർട്ടി ചിഹ്നം അനുവദിച്ച് ഒപ്പിട്ട് കൊടുക്കാൻ അദ്ദേഹം വൈമനസ്യം കാണിച്ചില്ല. അഖിലേന്ത്യാതലത്തിൽ ആർ.എസ്.പി ഇടതുപക്ഷത്തും കേരളത്തിൽ യു.ഡി.എഫുമായി.
പാർലമെന്ററി രാഷ്ട്രീയത്തിൽ മൂന്നുതവണ മത്സരിച്ചു. 82ലും 87ലും തിരുവനന്തപുരം വെസ്റ്റിലും 2006ൽ ആര്യനാട്ടും. 2006ലെ വി.എസ് തരംഗത്തിൽ കടപുഴകിയ അപൂർവം സീറ്റുകളിലൊന്ന് ആര്യനാടായിരുന്നു. അന്നവിടെ വിജയിച്ചിരുന്നെങ്കിൽ എൻ.കെ. പ്രേമചന്ദ്രന് പകരം മന്ത്രിയാകേണ്ടിയിരുന്നത് ചന്ദ്രചൂഡനായിരുന്നു.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന ശീലം ചന്ദ്രചൂഡനെ സി.പി.എമ്മിലെ ഔദ്യോഗികനേതൃത്വത്തിന് പലപ്പോഴും അസ്വീകാര്യനാക്കിയിട്ടുണ്ട്. ഇടതുനയവ്യതിയാനമുണ്ടെന്ന് അദ്ദേഹം പലകുറി പ്രസംഗിച്ചു. സി.പി.എമ്മിലെ വി.എസ് ചേരിയുടെ ആളായി ചന്ദ്രചൂഡൻ ചിത്രീകരിക്കപ്പെടാനും അതിടയാക്കി. പക്ഷേ, രാഷ്ട്രീയമായി മാത്രമായിരുന്നു ഭിന്നത. വ്യക്തിപരമായ അടുപ്പങ്ങൾ അദ്ദേഹം വിടാതെ കാത്തിരുന്നു.