cc-tv

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിൽ മ്യൂസിയത്ത് പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതിയെ ആറുദിവസമായിട്ടും പിടികൂടാനാവാതായതോടെ, സംസ്ഥാനത്താകെ സി.സി.ടി.വി നിരീക്ഷണ കാമറകളുടെ പ്രവർത്തനം പരിശോധിക്കാൻ ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു. പൊലീസിന്റെ കാമറകൾ നഗരങ്ങളിൽ പോലും പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപത്തെതുടർന്നാണിത്. എല്ലാ ജില്ലകളിലും സി.സി.ടി.വി കാമറകളുടെ ഓഡിറ്റിംഗ് നടത്തും. പൊലീസിന്റെ കാമറകളിൽ പ്രവർത്തനരഹിതമായവ ഉടനടി അ​റ്റകു​റ്റപ്പണി നടത്തും.

ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളും തെരുവുകളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർണമായി കാമറാ നിരീക്ഷണത്തിലാക്കും. പൊലീസ് കൺട്രോൾ റൂമിലും പോലീസ് സ്​റ്റേഷനുകളിലും ഫീഡ് ലഭ്യമായ കാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മ​റ്റ് സർക്കാർ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള കാമറകളുടെ കണക്കുമെടുക്കും. പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലുമുള്ള കാമറകളും പരിശോധിക്കും. കാമറകളിൽ കേടായത് നന്നാക്കാൻ അതത് വകുപ്പുകളോട് അഭ്യർത്ഥിക്കും.