
തിരുവനന്തപുരം: നോൺ വൊക്കേഷണൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിൽ കാഴ്ചപരിമിതർക്ക് അപേക്ഷിക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. പി.എസ്.സി പ്രസിദ്ധീകരിച്ച നോൺ വൊക്കേഷണൽ ഇംഗ്ലീഷ് ടീച്ചർ സീനിയർ തസ്തികയിൽ (കാറ്റഗറി നമ്പർ 401 / 2022) പൂർണ കാഴ്ചപരിമിതരെ ഉൾപ്പെടുത്താത്തതിനെതിരെ ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് യൂത്ത് ഫോറം അംഗങ്ങളായ വി.ആർ. രാജി, കെ.പി. തസ്‌നീം, എം.എസ്. സൂരജ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഈ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും കാഴ്ചപരിമിതരെ ഒഴിവാക്കാൻ പാടില്ലെന്ന് ട്രൈബ്യൂണൽ വിധിച്ചു. തസ്‌തികയിലേക്ക് തിരുത്തൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുമെന്ന് ട്രൈബ്യൂണലിൽ പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ പി.കെ.നന്ദിനി, ജയരാജ് പയസ് എന്നിവർ ഹാജരായി.
കാഴ്ചപരിമിതർക്ക് വിലങ്ങുതടിയായ ഉത്തരവ് റദ്ദാക്കുക, എൻ.സി.എ വിജ്ഞാപനം പുനഃസ്ഥാപിക്കുക, ഭിന്നശേഷിക്കാർക്ക് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യനീതി, വിദ്യാഭ്യാസ മന്ത്രിമാർക്കും നിവേദനം നല്കിയിരുന്നതായി ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് യൂത്ത് ഫോറം പ്രസിഡന്റ് ബി. വിനോദ് പറഞ്ഞു.