
തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഷാരോൺ വധക്കേസിലെ പ്രതി കളിയിക്കാവിള സ്വദേശി ഗ്രീഷ്മ (22) ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ഇന്നലെ പ്രതിയുമൊത്ത് തെളിവെടുപ്പ് നടത്താനിരുന്ന ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി. ഷാരോണിന് നൽകിയ കീടനാശിനി ചേർത്ത കഷായം ഗ്രീഷ്മ തയ്യാറാക്കിയെന്നാണ് കുറ്റസമ്മത മൊഴി. കഷായക്കൂട്ടിന്റെ പായ്ക്കറ്റും കഷായം തയ്യാറാക്കാനും അത് ഷാരോണിന് നൽകാൻ ഉപയോഗിച്ച പാത്രവും കേസിൽ നിർണായക തെളിവുകളാണ്. ഇവ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തിൽ കസ്റ്റഡിയിലെടുത്ത് കോടതി മുഖാന്തരം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കേണ്ടിയിരുന്നു.
കഷായക്കുപ്പിയും പാത്രങ്ങളും കഴുകി തെളിവ് നശിപ്പിച്ച സ്ഥലങ്ങൾ തിരിച്ചറിയണം. ഇവിടെ നിന്നുള്ള തെളിവുകളും ശേഖരിക്കണം. സംഭവദിവസം സ്ഥലത്ത് ഇയാളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളും കണ്ടെത്തണം. ഇതുൾപ്പെടെ അറിയാനാണ് ഇന്നലെ തെളിവെടുപ്പ് നിശ്ചയിച്ചിരുന്നത്. റിമാൻഡ് ചെയ്തതിനാൽ ഇനി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി മാത്രമേ തെളിവെടുപ്പ് നടത്താനാകൂ.
ശക്തമായ തെളിവ്
ശേഖരിക്കാൻ ക്രൈംബ്രാഞ്ച്
ഗ്രീഷ്മയുടെ കുറ്റസമ്മതം ശരിയാണെന്ന് തെളിയിക്കാൻ സൈബർ തെളിവുകൾക്കൊപ്പം ഫോറൻസിക് പരിശോധനാ ഫലങ്ങളും സാഹചര്യതെളിവുകളും സാക്ഷിമൊഴികളും നിർണായകമാണ്. വിഷം ഉള്ളിൽചെന്ന് ദിവസങ്ങളോളം മരണത്തോട് മല്ലടിച്ച ഷാരോൺ പൊലീസിനോ മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിലോ ഗ്രീഷ്മ വിഷംകലർത്തിയ കഷായം നൽകിയതായി വെളിപ്പെടുത്തിയിരുന്നില്ല. വിചാരണ സമയത്ത് പൊലീസിന് ഇത് വെല്ലുവിളിയാകും. ശക്തമായ മറ്റ് തെളിവുകൾകൊണ്ടേ ഇതിനെ മറികടക്കാനാകൂ.
ഫോൺ സംഭാഷണത്തിലോ വാട്സാപ്പ് ചാറ്റിലോ വിഷം നൽകിയത് പുറത്തറിയാതിരിക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഗ്രീഷ്മയുടെ ഓരോ നീക്കങ്ങളും. കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നോ ഇതെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ഷാരോണിന്റെ പിതാവ് ജയരാജ് ഇക്കാര്യം ഉന്നയിച്ചിരുന്നു.