
വെള്ളറട: കാരക്കോണം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ സെമിനാറും ബോധവത്കരണ റാലിയും നടന്നു. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നിലമാംമൂട്ടിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ റാലി സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. പാത്തോളജി - കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പുകളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. റാലിയിൽ വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള കലാപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. കോളേജിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിൽ അദ്ധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു. അദ്ധ്യാപക പി.ടി.എ പ്രതിനിധികൾ ഉൾപ്പെടെ ഒരു പ്രവർത്തന ഫോറത്തിന് സെമിനാറിൽ രൂപം നൽകി. ലഹരി വിമുക്ത ക്യാംപസിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാരിനോടൊപ്പം ചേർന്ന് നടത്തുമെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം പറഞ്ഞു.