
■കെ.എസ്.ആർ.ടി.സി,കെ.എസ്.ഇ.ബി ,ജല അതോറിട്ടി -3 മാസത്തെ പഠനശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ആറ് ധനകാര്യ കോർപ്പറേഷനുകളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് അറുപതാക്കി ഉയർത്തി ഉത്തരവിറക്കി. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്.
വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ഒഴികെയുള്ളവയിലാണ് വർദ്ധിപ്പിച്ചത്. മൂന്നിടത്തും 56 വയസെന്ന പെൻഷൻ പ്രായം മൂന്നു മാസത്തെ പഠനത്തിനു ശേഷം അറുപതാക്കി വർദ്ധിപ്പിക്കും. മൂന്നിടത്തുമായി പ്രതിവർഷം ചുരുങ്ങിയത് 3500 നിയമനങ്ങൾ നടക്കും.
പെൻഷൻ പ്രായം അറുപതായി വർദ്ധിപ്പിച്ച് ഒക്ടോബർ 29നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. അതിനാൽ, അന്നു മുതൽ വിരമിക്കേണ്ടവർക്ക് വർദ്ധന ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതടക്കം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമ്പൂർണമായി നടപ്പാക്കാൻ ധനകാര്യ അഡി.ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. ഏപ്രിൽ 20നു ചേർന്ന മന്ത്രിസഭായോഗം, തൊഴിലന്വേഷകരായ യുവാക്കളുടെ രോഷം ഭയന്ന്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോർട്ട് അംഗീകരിച്ചു.
ഗ്രേഡിംഗിന്റെയും മികവിന്റെയും അടിസ്ഥാനത്തിലാവും സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ. മൂന്നു വർഷത്തിലൊരിക്കൽ വിശദ പരിശോധനയുണ്ടാവും. പ്രവർത്തനമികവും വളർച്ചയും കണക്കാക്കി സ്ഥാപനങ്ങളെ ഡയമണ്ട്, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ തിരിക്കും. സ്ഥാപനത്തിന്റെ ആകെമൂല്യം, വിറ്റുവരവ്, ജീവനക്കാരുടെ എണ്ണം, നിക്ഷേപം, വിൽപ്പന, ആസ്തി തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാവും ഗ്രേഡിംഗ്. ഇതനുസരിച്ച് എം.ഡി മുതലുള്ള ജീവനക്കാരുടെ വേതന, സേവന വ്യവസ്ഥകളിൽ വ്യത്യാസമുണ്ടാവും. വളർച്ചയുള്ള സ്ഥാപനങ്ങളെ ഉയർന്ന ഗ്രേഡിലുൾപ്പെടുത്തും. നിശ്ചിത സമയപരിധിക്കകം ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്തവയെ തരംതാഴ്‌ത്തും.
തൊഴിലില്ലാപ്പട
28ലക്ഷം
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേരു നൽകി ജോലിക്ക് കാത്തിരിക്കുന്നത് 27.46 ലക്ഷം പേർ. സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 11%. 30 ലക്ഷം തൊഴിൽരഹിതരായ അഭ്യസ്തവിദ്യരും അഞ്ചു ലക്ഷം ജോലി മുടങ്ങിപ്പോയ വനിതകളും
ഉണ്ടെന്ന് അനൗദ്യോഗിക കണക്ക്.
കേന്ദ്രത്തിന്റെ കണക്കു പ്രകാരം തൊഴിലില്ലായ്മ പട്ടികയിൽ കേരളം മൂന്നാമത്, നിരക്ക്-13.2%. ജമ്മുകാശ്മീരും (15.6%), ഹരിയാനയുമാണ് (13.5%) മുന്നിൽ. സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക്-19.1%, പുരുഷന്മാരുടേത്-10.6%
സർക്കാരിൽ 57 ?
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 56ൽനിന്ന് 57ആക്കാൻ ചർച്ചകൾ സജീവമാണ്. ശമ്പളപരിഷ്കരണ കമ്മിഷന്റെ ശുപാർശയുമുണ്ട്. പ്രതിവർഷം ഇരുപതിനായിരത്തിലേറെ ജീവനക്കാരാണ് വിരമിക്കുന്നത്. ഇവരുടെ ആനുകൂല്യങ്ങൾ നൽകാൻ 4000 കോടിയോളം വേണം. പങ്കാളിത്തപെൻഷൻ ബാധകമായ 30% ജീവനക്കാരുടെ പെൻഷൻപ്രായം അറുപതാണ്. 5.16ലക്ഷം സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമാണുള്ളത്.
3 വലിയ സ്ഥാപനങ്ങളിലെ
ജീവനക്കാർ
■കെ.എസ്.ആർ.ടി.സി-25612
■കെ.എസ്.ഇ.ബി-32800
■ജലഅതോറിട്ടി-8700
■വിരമിക്കൽ- 3500മുതൽ 5000വരെ (പ്രതിവർഷം)
സംസ്ഥാന
ജീവനക്കാർ
■സർക്കാർ-377065
■എയ്ഡഡ്-138574
■പെൻഷൻ പ്രായം 60-148000
■പെൻഷൻ പ്രായം 56-367000