
തിരുവനന്തപുരം : ആരോഗ്യസർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന എം.ബി.ബി.എസ് ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് ഇനി മലയാളവും പഠിക്കാം. ഏഴ് സ്ട്രീമുകളിലായുള്ള ഒരുലക്ഷം വിദ്യാർത്ഥികൾക്ക് മലയാളത്തിലെ ക്ലാസിക് കൃതികൾ ഉൾപ്പെടെ പഠിപ്പിക്കാനുള്ള നടപടിക്കാണ് കേരളപ്പിറവി ദിനമായ ഇന്ന് തിരൂർ തുഞ്ചൻപറമ്പിൽ തുടക്കമാകുന്നത്. എം.ടി.വാസുദേവൻനായർ ഉദ്ഘാടനം ചെയ്യും. കോഴ്സിന് ആവശ്യമായ കരിക്കുലം തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമാവും. മലയാളം സർവകലാശാലയുടെ സഹകരണത്തോടെയാണിത്.
മലയാളം സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ, കാൻസർ രോഗവിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ.എം.വി.പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കരിക്കുലം തയ്യാറാക്കുന്നത്. ജനുവരിയോടെ ആദ്യബാച്ച് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് മെഡിക്കൽ പഠനത്തോടൊപ്പം പ്രാദേശിക ഭാഷാ പഠനത്തിനും സൗകര്യമൊരുങ്ങുന്നത്. ഓൺലൈൻ കോഴ്സായാണ് ഇതിപ്പോൾ നടപ്പാക്കുന്നത്. ഭാഷയെ കുറിച്ചും മലയാളത്തിലെ എക്കലാത്തെയും മികച്ച സൃഷ്ടികളെ കുറിച്ചും സാഹിത്യകാരൻമാരും അദ്ധ്യാപകരും ക്ലാസെടുക്കും. ആദ്യഘട്ടത്തിൽ കോഴ്സ് താത്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം. രണ്ടു വർഷത്തിനുശേഷം നിർബന്ധമാക്കിയേക്കും. എം.ബി.ബി.എസ് ഉൾപ്പെടെയുള്ള എല്ലാ കോഴ്സിനും ആദ്യവർഷം മുതൽ മലയാള പഠനം തുടങ്ങും. വിവിധ കോഴ്സുകളുടെ പഠനത്തോടൊപ്പം സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്താൻ ആരോഗ്യസർവകലാശലയ്ക്കുള്ള അനുമതിപ്രകാരമാണ് മലയാളവും പഠിപ്പിക്കുന്നത്. ഓരോ വർഷവും ഓൺലൈനായി പരീക്ഷ നടത്തും. പഠനകാലം മുഴുവൻ മലാളവും പഠിക്കണം. വിജയികൾക്ക് മലയാളം സർവകലാശാല സർട്ടിഫിക്കറ്റും നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പഠിക്കാനെത്തുന്നവർക്കും രോഗികളെ ചികിത്സിക്കേണ്ടതുണ്ട്. എന്നാൽ, ഭാഷ പലപ്പോഴും തടസമാണ്. കേരളത്തിലുള്ള കുട്ടികൾ പോലും പത്താംക്ലാസിനുശേഷം മാതൃഭാഷയുമായി ബന്ധമില്ലാതെ വളരുന്ന സാഹചര്യമാണുള്ളത്.
'രോഗീപചരിചരണവും ആരോഗ്യസേവനങ്ങളും മെച്ചപ്പടുത്തുന്നതിനുവേണ്ടിയുള്ള നടപടിയാണ്. ആരോഗ്യസർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ വിദ്യാർത്ഥികളെയും മലയാളം പഠിപ്പിക്കും."
-ഡോ. മോഹനൻ കുന്നുമ്മൽ
വൈസ് ചാൻസലർ, ആരോഗ്യസർവകലാശാല