തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം വെട്ടുറോഡിനെയും തിരുവല്ലത്തെയും ബന്ധിപ്പിച്ച് ഇന്നർ റിംഗ് റോഡ് നിർമ്മിക്കണമെന്നും കൂടുതൽ സ്ഥലം ഏറ്റെടുത്ത് വിമാനത്താവള വികസനം നടത്തണമെന്നും നഗരത്തിനുവേണ്ടി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിൽ നിർദ്ദേശം. കരട് മാസ്റ്റർപ്ളാൻ ഇന്നലത്തെ നഗരസഭ കൗൺസിൽ അംഗീകരിച്ചു.

ജ്യോഗ്രഫിക്ക് ഇൻഫർമേഷൻ സിസ്റ്റം ( ജി.ഐ.എസ് ) മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ മാസ്റ്റർ പ്ലാനിന് വേണ്ടിയുള്ള സർവേ നടപടികൾ പൂർത്തിയാക്കിയത്. നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരാണ് സാമൂഹിക, സാമ്പത്തിക സർവേ നടത്തിയത്.

ഫ്ളൈഓവറും ഓവർബ്രിഡ്ജും

നിലവിലുള്ള മൂന്ന് എണ്ണത്തിന് പുറമേ നഗരത്തിൽ 13 സ്ഥലങ്ങളിൽ കൂടി ഫുട്ഓവർബ്രിഡ്ജ് നിർമ്മിക്കണം. എട്ട് ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഫ്ലൈഓവറുകൾ നിർമ്മിക്കണമെന്നും കരട് പ്ലാനിൽ നിർദ്ദേശിക്കുന്നുണ്ട്. ഓവർബ്രിഡ്ജ് ജംഗ്ഷൻ, സ്റ്റാച്യു, പാളയം അയ്യങ്കാളി ഹാളിനു മുൻവശം,ടെക്‌നോപാർക്ക്,മെഡിക്കൽ കോളേജ്,ഓൾ സെയിന്റ്സ് കോളേജ്, ജനറൽ ആശുപത്രി, ആയുർവേദ കോളേജ്,തമ്പാനൂർ,കരമന,പാപ്പനംകോട്,പേരൂർക്കട,കഴക്കൂട്ടം ജംഗ്ഷനുകളിലാണ് ഫുട്ഓവർബ്രിഡ്ജ് നിർദ്ദേശിച്ചിരിക്കുന്നത്. പട്ടം,ഉള്ളൂർ,ശ്രീകാര്യം,കഴക്കൂട്ടം,തമ്പാനൂർ,പേരൂർക്കട,സ്റ്റേഷൻകടവ്,കൊച്ചുവേളി എന്നിവിടങ്ങളിൽ ഫ്ലൈഓവർ സ്ഥാപിക്കണമെന്നാണ് മാസ്റ്റർ പ്ലാനിലുള്ളത്.

ഇന്നർ റിംഗ് റോഡ്

വെട്ടുറോഡിൽ നിന്നാരംഭിച്ച് നരിക്കൽ - ചേങ്കോട്ടുകോണം-ഞാണ്ടൂർക്കോണം -പൗഡിക്കോണം - മണ്ണന്തല-കുടപ്പനക്കുന്ന്-വഴയില-നെട്ടയം - തോപ്പുമുക്ക്- നമ്പവൻകാവ് - കുണ്ടമൺകടവ്- പാങ്ങോട് - തൃക്കണ്ണാപുരം - വെള്ളായണി - കൈമനം - മരുതൂർക്കടവ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ഇന്നർ റിംഗ് റോഡ്

പുതിയ ഫയർസ്റ്റേഷൻ

ചെങ്കൽച്ചൂള,വിഴിഞ്ഞം,ചാക്ക ഫയർസ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കണം. അട്ടക്കുളങ്ങര ജംഗ്ഷനു സമീപം പുതിയ പ്രധാന ഫയർസ്റ്റേഷനും, നേമം സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ പുതിയ ഫയർ സ്റ്റേഷനും, ചാല, ഉള്ളൂർ എന്നിവിടങ്ങളിൽ ഫയർ സബ് സ്റ്റേഷനുകളോ മിനി ഫയർ സ്റ്റേഷനുകളോ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.

ഭേദഗതി വേണം

നഗരത്തിലെ കരട് മാസ്റ്റർപ്ളാനിൽ ഭേദഗതികൾ വരുത്തണമെന്ന് കൗൺസിലിൽ ചർച്ച ഉയർന്നു. 2040 വരെയുള്ള മാസ്റ്റർപ്ളാനിൽ സമഗ്ര മാറ്റമെന്തെന്നുള്ളത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ പറഞ്ഞു. കൗൺസിലർമാർക്ക് വാർഡുകളിലെ മാസ്റ്റർപ്ളാൻ വിവരങ്ങൾ കൃത്യമായി ഉറപ്പാക്കാൻ ഭരണസമിതി മുൻകൈയെടുക്കണമെന്ന് തിരുമല അനിൽ പറഞ്ഞു. നെട്ടയം വാർഡിൽ സംരക്ഷണ മേഖല തിരിച്ചിരിക്കുന്നതിലും അപാകതയുണ്ടെന്നും അത് പുനഃപരിശോധിക്കണമെന്നും നന്ദ ഭാർഗവ് പറഞ്ഞു. കായികത്തിനും മാസ്റ്റർപ്ളാനിൽ മുൻതൂക്കം വേണമെന്ന് നന്ദ ഭാർഗവ് പറഞ്ഞു. സമഗ്രവികസനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാവരുതെന്ന് യു.ഡി.എഫ് ലീഡർ പദ്മകുമാർ പറഞ്ഞു. കഴിഞ്ഞ തവണത്തെ മാസ്റ്റർപ്ളാനിന്റെ ഫലമായി കാട്ടായിക്കോണത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ആശങ്കയ്ക്ക് സാഹചര്യമൊരുക്കരുതെന്ന് ഡി. രമേശൻ പറഞ്ഞു. നഗരത്തിൽ വികസനം നടക്കുന്നതോടൊപ്പം ദുരന്തങ്ങളുണ്ടാകാതെ മുന്നോട്ടുപോകുന്ന രീതിയാണ് മാസ്റ്റർപ്ളാനിലുള്ളതെന്ന് മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകി. കൗൺസിലർമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഭേദഗതി വരുത്തുമെന്നും മേയർ പറഞ്ഞു. ചർച്ചയിൽ പാളയം രാജൻ, ജിഷ ജോൺ, ജോൺസൻ ജോസഫ്, മേരി പുഷ്പം, എസ്. സലീം എന്നിവർ പങ്കെടുത്തു.