
കള്ളിക്കാട്: മൂന്ന് പതിറ്റാണ്ടിന് ശേഷം ഇറക്കിയ നെൽകൃഷി പ്രകൃതി ക്ഷോഭത്തിൽ അപ്പാടെ നശിച്ചിട്ടും ആത്മവിശ്വാസം കൈവിടാതെ യുവ കർഷകൻ വീണ്ടും ഞാറു നട്ടു. ഇത്തവണ ഞാറു നടീൽ ഉത്സവമാക്കി മാറ്റാൻ കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി സ്കൂളിലെ കുട്ടികൾ പരമ്പരാഗത വേഷമണിഞ്ഞ് ഞാറുനടീൽ ഉത്സവത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കള്ളിക്കാട് പഞ്ചായത്തിലെ പെരിഞ്ഞാംകടവ് വാർഡിലെ കുഴിവിളാകത്ത് വീട്ടിൽ യുവകർഷകനായ സാമുവേലിന്റെ പാട്ടേക്കോണത്തുള്ള നെൽപ്പാടത്തിലേയ്ക്കാണ് കുട്ടികൾ എത്തിയത്.
ഇത്തവണ സമുവേലിനും കുടുംബത്തിനും നാട്ടുകാർക്കും കൃഷി വകുപ്പ് ജീവനക്കാർക്കുമൊപ്പം എത്തിയ സ്കൂളിലെ വിദ്യാർത്ഥികളാണ് ഞാറുനടീൽ ഉദ്ഘാടനം നടത്തിയത്. വാഴ,കപ്പ തുടങ്ങി കൃഷികളും ചെയ്യുന്ന സാമുവേൽ ഗ്രാമപഞ്ചായത്തിന്റെയും കള്ളിക്കാട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ജൈവവളം ഉപയോഗിച്ചുള്ള നെൽകൃഷിയിൽ ശ്രേയ ഇനത്തിലുള്ള വിത്താണ് പാകിയത്.വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സോളാർ ഫെൻസിംഗ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മാതൃക കർഷകനുള്ള പുരസ്കാരം നേടിയ രാജുവിന്റെ ഉപദേശവും സഹായവുമാണ്,ഡിഗ്രി പഠനം പൂർത്തിയാക്കി സ്വകാര്യ മേഖലയിൽ ജോലി നോക്കിയിരുന്ന സാമുവേലിന്റെ കരുത്ത്.
കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശ്യമുണ്ടെന്നും പാട്ടത്തിന് കൂടുതൽ സ്ഥലം എടുക്കാനുള്ള തയാറെടുപ്പിലാണ് താനെന്നും സാമുവേൽ പറഞ്ഞു.വാർഡ്മെമ്പർ ബിന്ദു,സെന്റ് അന്നാസ് എൽ.പി.എസ് ഹെഡ്മാസ്റ്റർ സെൽവരാജ്,പി.ടി.എ പ്രസിഡന്റ് അജികുമാർ,അദ്ധ്യാപകരായ ഉഷ,സപമി,ലിജി,ആശ എന്നിവരും ഞാറുനടീലിൽ പങ്കാളികളായി.
വീണ്ടും വിത്തുപാകി
സാമുവൽ മുൻപും നെൽകൃഷി നടത്തിയിട്ടുണ്ടെങ്കിലും കൃഷിക്ക് ആളെ കിട്ടാതായതോടെ ഉണ്ടായിരുന്ന നിലത്തിൽ റബ്ബർ വച്ച് പിടിപ്പിക്കുകയും അത് മുറിച്ചു നീക്കി വീണ്ടും വിത്ത് പാകി ഞാറുനട്ടു.എന്നാൽ പ്രകൃതിക്ഷോഭത്താൽ കൃഷിയാകെ വെള്ളം കയറി നശിച്ചു.എന്നാലിപ്പോൾ പിന്നോട്ടുപോകാൻ തയാറാകാതെ പട്ടേകോണത്തെ മുപ്പത് സെന്റ് വയലിൽ വീണ്ടും കൃഷിയിറക്കിയിരിക്കുകയാണ്.