ആറ്റിങ്ങൽ: മോഷണശ്രമമാരോപിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡന്റും സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗവുമായ ആർ. അനിതയെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അപമാനിച്ചതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നവംബർ 2ന് രാവിലെ 10ന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം. മുരളി, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

അനിത അംഗണവാടിയിലേക്ക് പൂവൻപാറയിൽ നിന്നും ആർ.കെ.വി ബസിൽ കയറി വരുന്ന വഴിയിൽ കച്ചേരി നടയിൽ വച്ചാണ് മറ്റൊരു യാത്രക്കാരിയുടെ ബേഗിനകത്ത് സൂക്ഷിച്ചിട്ടുള്ള അയ്യായിരം രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് അനിതയെയും ഇഞ്ചീനീയറിംഗ് വിദ്യാർത്ഥിനിയെയും മാത്രം ബസിൽ നിന്നിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധനനടത്തി അധിക്ഷേപിച്ചത്. ബസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയോ മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയാ ചെയ്തില്ല. പരാതിക്കാരി ബസിൽ നിന്ന് ഇറങ്ങി കുറച്ചു നേരം കഴിഞ്ഞ് തിരികെ വന്നാണ് കാശ് നഷ്ടപ്പെട്ടെന്ന് പറഞ്ഞത്.

നിരപരാധിയായ അനിതയെയും എഞ്ചീനിയറിംഗ് വിദ്യാർത്ഥിനിയെയും മാത്രം സ്റ്റേഷനിൽ കൊണ്ടുപോയി അപമാനിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ലിജാബോസും സെക്രട്ടറി ആർ. സരിതയും സർക്കാരിനോട് ആവശ്യപ്പെട്ടു.