തിരുവനന്തപുരം: സംഘപരിവാർ സംവിധാനങ്ങളെ വിമർശിക്കുന്നവരെ ദ്രോഹിക്കാനുള്ള കേന്ദ്രസർക്കാർ അജൻഡ കേരളത്തിൽ ഗവർണർ മുഖേന നടപ്പിലാക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തെ ഇടത് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ സംഗമം രാജ്ഭവന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുധ വാടക ഒഴിവാക്കിയതും, മസ്റ്റർ റോളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതുമായ ഉത്തരവുകൾ പിൻവലിക്കുക, വേതനം 700 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സമരം നടത്തിയത്.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.അനിമോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഫെഡറേഷൻ ഭാരവാഹികളായ കെ.എസ്.മധുസൂദനൻ നായർ, എസ്.വേണുഗോപാൽ, എ.അജികുമാർ, ലളിത ചന്ദ്രശേഖർ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.