നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയിൽ അടുത്തിടെ ഏർപ്പെടുത്തിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതിലെ അപാകത ആരോപിച്ച് പാറശാല യൂണിറ്റിന്റെ ചുമതലയുള്ള നെയ്യാറ്റിൻകര ക്ലസ്റ്റർ ഓഫീസറും എ.ടി.ഒയുമായ എസ്. മുഹമ്മദ് ബഷീറിനെ സസ്‌പെൻഡ് ചെയ്‌തു. പാറശാല യൂണിറ്റിലാണ് ഡ്യൂട്ടി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത്. എ.ടി.ഒയുടെ ഡ്യൂട്ടി സമ്പ്രദായത്തിലെക്കുറിച്ച് വ്യാപക പരാതികളുയർന്നതോടെയാണ് നടപടി.
പാറശാല യൂണിറ്റിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരിൽ സ്ഥിരമായി ജോലിക്ക് ഹാജരാകാത്തവരെയും രാജി, മെഡിക്കൽ ലീവ് എന്നിവ നൽകിയിട്ടുള്ളവരുടെയും പേര് ഉൾപ്പെടുത്തി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന തരത്തിൽ ഡ്യൂട്ടി പോസ്റ്റിംഗ് നടത്തി ഷെഡ്യൂളുകൾ മുടക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്ന് താലൂക്കിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതികളുണ്ടായിരുന്നു.
പാറശാല യൂണിറ്റിലെ വരുമാനം കുറയുകയും കഴിഞ്ഞയാഴ്ച പാറശാല ഡിപ്പോയിൽ ജോലി സമ്മർദ്ദം കാരണം കൺട്രോളിംഗ് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ സംഭവവുമുണ്ടായി. കഴിഞ്ഞ 19ന് സി.എം.ഡി ഡിപ്പോ നേരിട്ട് പരിശോധന നടത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച് ജീവനക്കാരുമായി ചർച്ച ചെയ്‌ത് പരിഹരിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സർവീസുകൾ നടത്തുകയും അതനുസരിച്ച് കളക്ഷനിലും വർദ്ധനവുണ്ടായിരുന്നു.