വിഴിഞ്ഞം: തീരത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും രുചിയൂറും കടൽഭക്ഷണം നൽകാനായി ആഴാകുളത്ത് നിർമ്മിച്ച

റസ്റ്റോറന്റ് രണ്ടാഴ്ചക്കുള്ളിൽ ഉദ്ഘാടനം ചെയ്യും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നല്ല കടൽ ഭക്ഷണം ഇവിടെ നിന്നും ലഭിക്കും.

കെട്ടിടം പണികൾ പൂർത്തിയാക്കി ചുമരുകളിൽ കടൽ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കി ഉദ്ഘാടകനെ കാത്തിരിക്കുകയാണ്. കൂറ്റൻ ചുമർ ചിത്രങ്ങളാണ് കെട്ടിടത്തിനുള്ളിൽ വരച്ചിരിക്കുന്നത്. ഫൈനാൻസ് കോളജിലെ വിദ്യാർത്ഥികൾ ഉൾപെടെയുള്ള കലാകാരന്മാരാണ് ചിത്രം വരച്ചിരിക്കുന്നത്. കടലും അനുബന്ധ തൊഴിലുമായി ബന്ധപ്പെട്ട മനോഹര ചിത്രങ്ങൾ ആസ്വദിച്ച് ഇവിടിരുന്ന് ഭക്ഷണം രുചിക്കാം. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ഇതിന്റെ നടത്തിപ്പ് കെ.ടി. ഡി.സിയെ ഏൽപ്പിച്ചു. കടലാസുപണികൾ പുരോഗമിക്കുകയാണെന്നും അതു പൂർത്തിയായാൽ ഉടൻ ഭക്ഷണപ്രിയർക്കായി തുറന്നു കൊടുക്കുമെന്നും അധികൃതർ പറഞ്ഞു. ആഴാകുളം ജംഗ്ഷനിൽ തീരദേശ വികസന കോർപറേഷൻ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനായി അകത്തും പുറത്തുമായി വിശാലമായ സജീകരണങ്ങൾ തയാറാക്കി. റൂഫ്ടോപ്പിലും ഇരിപ്പിടങ്ങൾ തയാറായി. പദ്ധതിക്ക് 3.25 കോടിയാണ് പദ്ധതി ചെലവ്.

ഒപ്പം റെഡി ടു കുക്ക് സംവിധാനവും..

മത്സ്യബന്ധന തീരത്ത് പിടയ്ക്കണ മീൻ തിരഞ്ഞെടുത്താൽ കറിക്ക് തയാറാക്കിത്തരുന്ന റെഡി ടു കുക്ക് പദ്ധതിയും ഉടൻ ഉദ്ഘാടനം ഉണ്ടാകും. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപമാണ് പദ്ധതിക്കായി കെട്ടിടം ഉയരുന്നത്.

തീരത്തു നിന്ന് പിടികൂടുന്ന മത്സ്യങ്ങൾ ആവശ്യക്കാർ അനുസരിച്ച് വൃത്തിയാക്കി പാചകത്തിനായി തയ്യാറാക്കി നൽകും. കേടുവരാത്ത സൂക്ഷിക്കുന്ന രീതിയിലാകും പായ്ക്കിംഗ്. ഓരോ മീനിനും അതിന്റെ രുചിക്ക് അനുസരിച്ചുള്ള ചേരുവകളും കുറിക്കൂട്ടുക ഇവിടെനിന്നും ലഭിക്കും. ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനും പദ്ധതിയുണ്ട്. പദ്ധതി വിജയക മായാൽ ഓൺലൈൻ വഴിയും സൂപ്പർ മാർക്കറ്റുകൾ വഴിയും റെഡി ടു കുക്ക് മീൻ വില്പന നടത്തുമെന്ന് അധികൃതർ പറഞ്ഞു.