തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഏതെങ്കിലും സംഘടനകൾ തുക പറ്റിയിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് വെളിപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ എച്ച്. പെരേര ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരുത്തരവാദപരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ നിർവീര്യമാക്കാനുള്ള ഗൂഢനീക്കമാണിത്. വിദേശത്തുനിന്ന് സംഭാവനകൾ സ്വീകരിക്കാൻ കർശനമായ നിബന്ധനയാണ് രാജ്യത്തുള്ളത്. സമരത്തിനെത്തുന്ന വാഹനങ്ങൾ തടഞ്ഞും വൈദികർക്കെതിരെയുൾപ്പെടെ കേസെടുത്തും പ്രകോപനം സൃഷ്ടിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ 100ാം ദിനം അദാനിയുടെ ഏജന്റുമാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതാണ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചത്. മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും അംഗീകരിച്ചെന്ന അധികാരികളുടെ പ്രസ്‌താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ആവശ്യങ്ങളിലെല്ലാം സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.വി. തോമസ്,.ഡോ. ജോൺ കുര്യൻ,ഡോ. ടെറി മച്ചാഡോ, ഡോ.കെ.ജി. താര,റിട്ട.ജഡ്‌ജി ഡി. പാപ്പച്ചൻ, പ്രോബിൻ ബാനർജി, സരിതാ ഫെർണാണ്ടസ് എന്നി്വർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖം: ജനകീയ പഠനസമിതി

റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ

തീരശോഷണം ഉൾപ്പെടെയുള്ളവ പഠിക്കുന്നതിനായി സമരസമിതി രൂപീകരിച്ച ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കും. 2015 മുതലുള്ള തീരശോഷണമാണ് സംഘം പഠനവിധേയമാക്കുക. ഇതിലെ കണ്ടെത്തലുകൾ സർക്കാരിനും പൊതുജനങ്ങൾക്ക് മുന്നിലും സമർപ്പിക്കും. കേരളാ യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ ഡീൻ ഡോ.കെ.വി. തോമസ് അദ്ധ്യക്ഷനായി ഏഴംഗ ജനകീയ പഠന സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ റിട്ട.പ്രൊഫ.ഡോ. ജോൺ കുര്യൻ, കേന്ദ്ര ഭൗമശാസ്ത്രപഠനകേന്ദ്രം മുൻ ശാസത്രജ്ഞൻ ഡോ. ടെറി മച്ചാഡോ, ദുരന്തനിവാരണ അതോറിട്ടി മുൻ അംഗം ഡോ.കെ.ജി. താര, റിട്ട.ജഡ്‌ജി ഡി. പാപ്പച്ചൻ, പോണ്ടികാൻ പ്രസിഡന്റ് പ്രോബിൻ ബാനർജി, സ്വതന്ത്ര നയരൂപീകരണ ഗവേഷക സരിതാ ഫെർണാണ്ടസ് എന്നിവരാണ് അംഗങ്ങൾ.