1

വിഴിഞ്ഞം: കോടതി വിധി നടപ്പാക്കി വിഴിഞ്ഞം തുറമുഖം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ പ്രാദേശിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന ലോംഗ് മാർച്ച് ഇന്ന്. മുല്ലൂരിലെ തുറമുഖ കവാടത്തിൽ നിന്ന് രാവിലെ 7.30ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

വിവിധ സാമുദായിക രാഷ്ട്രീയ, സാംസ്കാരിക സംഘടനകളിൽ നിന്നുള്ളവർ, ജനപ്രതിനിധികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മാർച്ചിൽ അണിചേരുമെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു. മാർച്ച് കടന്നുപോകുന്ന വഴികളിൽ വിവിധ സംഘടനകൾ സ്വീകരണം നൽകും. വിഴിഞ്ഞം,കോവളം,വാഴമുട്ടം,പാച്ചല്ലൂർ,​തിരുവല്ലം,അമ്പലത്തറ,മണക്കാട്,കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 12.30ഓടെ മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടർന്നുള്ള ധർണ എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത്കുമാർ ഉദ്ഘാടനം ചെയ്യും.

ജനകീയ കൂട്ടായ്മ സത്യഗ്രഹം

ആരംഭിച്ചിട്ട് ഒരുമാസം

വിഴിഞ്ഞം തുറമുഖം പ്രാദേശിക ജനകീയ കൂട്ടായ്‌മ നടത്തുന്ന സത്യഗ്രഹത്തിന്റെ 30-ാം ദിവസത്തെ സമ്മേളനം നടൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് രശ്‌മി സുരേഷ്, എസ്. സുരേഷ്, വെങ്ങാനൂർ ഗോപകുമാർ, സി. ഓമന, സഞ്ചുലൻ, മോഹനചന്ദ്രൻനായർ, ലേഖ, മുല്ലൂർ വിനോദ്, വേണുഗോപാലൻ നായർ, സതികുമാർ എന്നിവർ പ്രസംഗിച്ചു.