pinarayi

തിരുവനന്തപുരം: വിജിലൻസിന്റെ മിന്നൽ പരിശോധനകൾ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. ഇടനിലക്കാർ വഴിയുള്ള അഴിമതിയും തുടച്ചുനീക്കണം. സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഇടനിലക്കാരെ പൂർണമായി ഒഴിവാക്കണമെന്നും വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നും സംസ്ഥാനതല വിജിലൻസ് ബോധവൽക്കരണ വാരാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികൾ പൂർത്തീകരിച്ച ശേഷം പാളിച്ചകൾ കണ്ടെത്തുന്നതിനു പകരം, പദ്ധതി നിർവഹണ വേളയിൽ തന്നെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കണം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും വകുപ്പുകളുടെ ജനസേവനത്തിനും മേൽ അഴിമതി വിള്ളൽ വീഴ്‌ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് വിഘാതമായി നിൽക്കുന്ന അഴിമതിയെന്ന ചങ്ങലക്കണ്ണിയെ മുറിച്ചുമാ​റ്റി സേവനത്തിന്റെയും സത്യസന്ധതയുടെയും പുതിയ കണ്ണികൾ വിളക്കിചേർത്താണ് മുഖ്യമന്ത്രി പ്രതീകാത്മകമായി വാരാചരണം ഉദ്ഘാടനം ചെയ്തത്. വിജിലൻസിനായുള്ള ഏഴ് പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചീഫ്സെക്രട്ടറി വി.പി.ജോയ് അദ്ധ്യക്ഷനായി. ആഭ്യന്തര സെക്രട്ടറി വി.വേണു മുഖ്യപ്രഭാഷണം നടത്തി.